യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ ഭരണകൂടത്തിന്റെ ഭാവി എന്താകും എന്നതിനെക്കുറിച്ച് ആഗോളതലത്തിൽ ഉയർന്ന വലിയ ചോദ്യങ്ങൾക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം രംഗത്ത്. ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ അദ്ദേഹത്തിൻ്റെ പിൻഗാമി മൊജ്തബ ഖമേനി രാജ്യത്തിന്റെ ഭരണപരമായ തീരുമാനങ്ങളിൽ ഇപ്പോഴും സജീവമായി ഇടപെടുന്നുണ്ടെന്ന വ്യക്തമായ സൂചനകളാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ അതീവ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മൊജ്തബ ഖമേനി ഇറാന്റെ ഭരണകാര്യങ്ങളിൽ കൂടുതൽ പങ്കാളിയാകുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎസ് കോൺഗ്രസിന് മുന്നിൽ സാക്ഷ്യപ്പെടുത്തി.

അമേരിക്കൻ കോൺഗ്രസിന്റെ പ്രത്യേക ഹിയറിംഗിനിടെയാണ് റൂബിയോ ഈ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. ഈ വർഷം ആദ്യം പൊട്ടിപ്പുറപ്പെട്ട യുഎസ്-ഇസ്രായേൽ യുദ്ധത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ ഉണ്ടായ കനത്ത ആഘാതങ്ങളുടെ പശ്ചാത്തലത്തിൽ, ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ തന്ത്രങ്ങളെക്കുറിച്ചും ആണവ ചർച്ചകളുടെ ഭാവിയെക്കുറിച്ചും ജനപ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇരുപാർട്ടികളിലെയും സെനറ്റർമാർ നയതന്ത്ര ചർച്ചകൾക്ക് ഇനിയും സാധ്യതയുണ്ടോ എന്നും ഈ അസ്ഥിരമായ സാഹചര്യത്തെ വാഷിംഗ്ടൺ എങ്ങനെ നേരിടുമെന്നും ഉള്ള കാര്യങ്ങളിൽ വ്യക്തത തേടി.