കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി നിയമിച്ചു. പുതിയ മുഖ്യമന്ത്രി നാളെ ചുമതലയേല്‍ക്കാനിരിക്കേയാണ് മുന്‍ മുഖ്യമന്ത്രിക്ക് പുതിയ പദവി നല്‍കുന്നത്. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നല്‍കുന്നതുള്‍പ്പടെ നേരത്തെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിരസിക്കുകയായിരുന്നു.

അതേസമയം, കര്‍ണാടകയിലെ മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ പത്ത് മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ ഉപമുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

പ്രിയങ്ക് ഖാര്‍ഗെ, എംബി പാട്ടീല്‍, കൃഷ്ണ ബൈരേ ഗൗഡ, ഡോ.യതീന്ദ്ര സിദ്ധരാമയ്യ, ഈശ്വര്‍ ഖന്ദ്രേ എന്നിവര്‍ സീറ്റുറപ്പിച്ചിട്ടുണ്ട്. മലയാളികളായ കെ.ജെ ജോര്‍ജ്, എന്‍.എ.ഹാരിസ് ,യു.ടി.ഖാദര്‍ എന്നിവര് മന്ത്രിസഭയില്‍ ഉണ്ടാകും. ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാണ്. പ്രിയങ്ക് ഖാര്‍ഗയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ഒരാളും, ദളിത് ,ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഒരാളും വേണമെന്നാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ ആവശ്യം. എന്നാല്‍, ഒന്നില്‍ കൂടുതല്‍ ഉപമുഖ്യന്ത്രി എന്നതിനോട് ഹൈക്കമാന്‍ഡിന് യോജിപ്പില്ല. മന്ത്രിസ്ഥാനത്തോടൊപ്പം പിസിസി അധ്യക്ഷ പദവിയും വേണമെന്നാണ് സതീഷ് ജര്‍ക്കഹോളിയുടെ ആവശ്യം. എന്നാല്‍, ഹൈക്കമാന്റ് വഴങ്ങാന്‍ തയാറാകാത്തതോടെ കെപിസിസി അധ്യക്ഷപദവിയിലും വടംവലി രൂക്ഷമാണ്.