ദിവസങ്ങളായി യുക്രെയ്‌ൻ ഭയന്നിരുന്ന ആ വൻ ദുരന്തം ഒടുവിൽ സംഭവിച്ചു. റഷ്യൻ സൈന്യം ചൊവ്വാഴ്ച പുലർച്ചെ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ യുക്രെയ്‌ൻ നഗരങ്ങൾ ഒന്നടങ്കം നടുങ്ങി. കിയവ്, ഡിനിപ്രോ, ഖാർകിവ് എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിൽ നടന്ന ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. റഷ്യ വൻതോതിലുള്ള ആക്രമണത്തിന് പദ്ധതിയിടുന്നതായി ദിവസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നു.

കിഴക്കൻ യുക്രെയ്‌നിലെ ഡിനിപ്രോയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ ഒലെക്സാണ്ടർ ഹാൻഷാ ടെലിഗ്രാമിൽ അറിയിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ നില ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തകർന്ന റസിഡൻഷ്യൽ കെട്ടിടങ്ങളുടെയും കത്തിനശിച്ച വാഹനങ്ങളുടെയും തകർന്ന കുട്ടികളുടെ കളിക്കളത്തിന്റെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.