ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് ആഭ്യന്തര തര്‍ക്കങ്ങളും പ്രതിസന്ധികളും രൂക്ഷമാകുന്നു. ടാറ്റ സണ്‍സിന്റെ ഓഹരി വിപണിയിലെ ലിസ്റ്റിംഗിനെതിരെ ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ റിസര്‍വ് ബാങ്കിന് കത്തയച്ചതോടെയാണ് ഭിന്നത പരസ്യമായത്. ടാറ്റ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ലിസ്റ്റിംഗ് നടപടി, കമ്പനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നോയല്‍ ടാറ്റ കത്തില്‍ ചൂണ്ടിക്കാട്ടി.
രത്തന്‍ ടാറ്റയുടെ വിയോഗത്തിന് ശേഷം ഗ്രൂപ്പിലെ പ്രമുഖര്‍ നേര്‍ക്കുനേര്‍ വരുന്നത് ടാറ്റയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.
രത്തന്‍ ടാറ്റയുടെ മരണ ശേഷമാണ് ഗ്രൂപ്പില്‍ അധികാര തര്‍ക്കങ്ങള്‍ ഉടലെടുത്തത്. അദ്ദേഹത്തിന്റെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റ, ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ 66% ഓഹരികള്‍ കൈയാളുന്ന ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി ചുമതലയേറ്റതോടെയാണ് കോര്‍പ്പറേറ്റ് തീരുമാനങ്ങളില്‍ ഭിന്നത രൂക്ഷമായത്. (ടാറ്റ സണ്‍സിന്റെ ബാക്കി 18.4% ഓഹരികള്‍ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ കൈവശമാണ്).
നിലവില്‍ രണ്ട് പ്രധാന വിഷയങ്ങളിലാണ് ഗ്രൂപ്പിനുള്ളില്‍ തര്‍ക്കം മുറുകുന്നത്. ഒന്നാമത്തേത് ടാറ്റ സണ്‍സിന്റെ നിലവിലെ ചെയര്‍മാനായ എന്‍. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിനല്‍കാനുള്ള നീക്കങ്ങളെ നോയല്‍ ടാറ്റ ശക്തമായി എതിര്‍ക്കുന്നു. ഇതോടെ ഗ്രൂപ്പിന്റെ അമരത്ത് ആര് വരണമെന്നതില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. രണ്ടാമത്തേതാണ് ടാറ്റ സണ്‍സ് ലിസ്റ്റിംഗ് വിവാദം. ആര്‍ബിഐ ചട്ടപ്രകാരം അപ്പര്‍ ലെയര്‍ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായി തരംതിരിച്ചിരിക്കുന്ന ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ ടാറ്റ സണ്‍സിനെ പൊതു വിപണിയില്‍ എത്തിക്കുന്നത് ടാറ്റ ട്രസ്റ്റിന്റെ സ്വയം ഭരണാധികാരത്തെ ബാധിക്കുമെന്നാണ് നോയല്‍ ടാറ്റയുടെ നിലപാട്.
ഗ്രൂപ്പിന്റെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് പുറമേ വ്യോമയാന മേഖലയിലും ടാറ്റ കടുത്ത വെല്ലുവിളി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്ത എയര്‍ ഇന്ത്യയെ വിസ്താരയുമായി ലയിപ്പിക്കുന്ന പ്രക്രിയ ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ്. പുതിയ ശമ്പള ഘടനയ്‌ക്കെതിരെ പൈലറ്റുമാരും ക്രൂ അംഗങ്ങളും ശക്തമായ വിയോജിപ്പിലാണ്. പൈലറ്റുമാര്‍ കൂട്ടത്തോടെ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചതോടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുന്നത് ടാറ്റയുടെ വ്യോമയാന ബിസിനസിന് വലിയ തിരിച്ചടിയാവുകയാണ്. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ടാറ്റ ട്രസ്റ്റും കടുത്ത കോര്‍പ്പറേറ്റ് ചട്ടങ്ങള്‍ പാലിക്കേണ്ടി വരുന്ന ടാറ്റ സണ്‍സും തമ്മിലുള്ള ഈ വടംവലി ഇന്ത്യന്‍ വ്യവസായ ലോകം ഉറ്റുനോക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.



