രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് (ജൂൺ 1, തിങ്കളാഴ്ച) തുറക്കുന്നു. വിദ്യാലയങ്ങളിൽ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇക്കുറി കനത്ത ആർഭാടങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ‘ പാഠം 1: പുതുയുഗ വിദ്യാലയം ‘ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷം അധ്യായന വർഷം ആരംഭിക്കുന്നത്. 2026 ലെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം രാവിലെ 9:30 ന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസ്സിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

അവധിക്കാല ആഘോഷങ്ങൾ കഴിഞ്ഞ് കുരുന്നുകൾ സ്കൂളുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പെൺകുട്ടികളുടെ ആർത്തവ അവധി ഉൾപ്പെടെയുള്ള സർക്കാർ പ്രഖ്യാപനവും അതിന്റെ തുടർ നടപടികളും വലിയ രീതിയിൽ ചർച്ചയാവുന്ന സാഹചര്യത്തിലാണ് ഇത്തവണ പ്രവേശനോൽസവം നടക്കുന്നത്.