സ്വന്തം വിവാഹാഘോഷങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കകം വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ അമേരിക്കയിലെ ജോർജിയയിൽ തകർന്നുവീണ് ഇന്ത്യൻ വംശജനായ യുവാവ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു. യുഎസ് മാധ്യമങ്ങളാണ് ഈ ദാരുണമായ വാർത്ത റിപ്പോർട്ട് ചെയ്തത്.
അറ്റ്ലാന്റാ നിവാസിയും ഡെൽറ്റ എയർലൈൻസിലെ (Delta Air Lines) പൈലറ്റുമായ ഡേവ് ഫിജി (25) ആണ് വെള്ളിയാഴ്ച ഡോസൺ കൗണ്ടിയിലെ ഡോസൺവില്ലിക്ക് സമീപം അഞ്ച് സീറ്റുകളുള്ള റോബിൻസൺ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട നവവധു ജെസ്നി നിലവിൽ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹെലികോപ്റ്റർ ഓടിച്ചിരുന്ന പൈലറ്റും അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്.
അപകടം നടന്ന അതേ ദിവസം തന്നെയായിരുന്നു ഡോസൺവില്ലിക്ക് സമീപമുള്ള ‘ദി റിവേറെ’ (The Revere) എന്ന വെഡ്ഡിംഗ് ആൻഡ് ഇവന്റ്സ് വേദിയിൽ വെച്ച് ഇവരുടെ വിവാഹം നടന്നത്. കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച് നൂറുകണക്കിന് അതിഥികളാണ് ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നത്.



