തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പാർട്ടിയും മുന്നണിയും നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കടുത്ത നടപടികളുമായിട്ടാണ് കേന്ദ്രം മുന്നോട്ട് വന്നത്. എന്നാൽ എല്ലാ ഘട്ടങ്ങളേയും പോലെ പാർട്ടി ഉണർവ്വോടെ ഇടപെട്ടുവെന്നും പിന്തുണ നൽകിയെന്നും പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ ജന്മനാടായ മമ്പറത്ത് വെച്ച് എൽഡിഎഫ് ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് പരാജയപ്പെടാനിടയായ കാരണങ്ങൾ എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളും വിശദമായി പരിശോധിച്ചു വരുന്നുവെന്നും നൂറ് സീറ്റ് എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ആദ്യമായി കിട്ടുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ സർക്കാർ അധികാരത്തിലേറുന്ന സമയത്ത്, എ.കെ. ആന്റണി ഓർമ്മിപ്പിച്ചത് നൂറ് സീറ്റ് നേടി അധികാരത്തിലേറിയ അന്നത്തെ കാര്യമാണ്. അന്ന് ആന്റണി നൂറിന്റെ ആവേശത്തിൽ വിളിച്ചു പറഞ്ഞത്, നൂറുവർഷത്തേക്ക് ഇനി എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ ഉണ്ടാകില്ല എന്നായിരുന്നു. എന്നാൽ എന്തൊക്കെ സംഭവിച്ചു എന്ന് പിന്നീട് നാം കണ്ടതാണ്. അങ്ങനെ പ്രഖ്യാപിച്ച ആന്റണിക്ക് തന്നെ ആ ഭരണം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഒരു പരാജയം കൊണ്ട് എല്ലാം അവസാനിച്ചു എന്നല്ല എൽഡിഎഫ് കാണുന്നത്”- പിണറായി വിജയൻ പറഞ്ഞു.