വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നേരത്തെ 3,085.00 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ടി വരുന്നതെങ്കില്‍ ഇപ്പോള്‍ 3131 രൂപയാക്കി.
ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാര്‍ഹിക സിലിണ്ടറിന്റെ വില അടിക്കടി വര്‍ധിക്കുന്നത് കാറ്ററിംഗ്, ഹോട്ടല്‍ മേഖലയെയാകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഭക്ഷണത്തിന്റെ വില വീണ്ടും കൂട്ടേണ്ട സാഹചര്യത്തിലാണെന്നാണ് ഹോട്ടല്‍ മേഖലയിലുള്ളവര്‍ പറയുന്നത്. രാജ്യത്താകെ വാണിജ്യ സിലിണ്ടര്‍ വില കൂടിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 42 രൂപയാണ് വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില ഡല്‍ഹിയില്‍ 3,113.50 രൂപയായി. കൊല്‍ക്കത്തയില്‍ 53.50 രൂപ സിലിണ്ടറിന് വര്‍ധിച്ചു. ഇതോടെ വില 3,255.50 രൂപയായി. 5 കിലോഗ്രാം എല്‍പിജി (എഫ്ടിഎല്‍) സിലിണ്ടറുകളുടെ വില 11 രൂപ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന്മുതല്‍ പ്രാബല്യത്തില്‍ വരും.
സിലിണ്ടര്‍ വിലയ്‌ക്കൊപ്പം പാലിന്റെ വിലയും ഇന്ന് മുതല്‍ കൂടുകയാണ്. സംസ്ഥാനത്ത് മില്‍മ പാലിന്റെ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാല് രൂപയുടെ വര്‍ധനയാണുണ്ടാവുക. 525 മില്ലിയുടെ നീല കവറുള്ള മില്‍മ പാലിന് പാക്കറ്റിന് 30 രൂപയായിരിക്കും ഇന്ന് മുതല്‍ വില. 28 രൂപയായിരുന്നു പഴയവില. മില്‍മയുടെ തൈരിന് കിലോയ്ക്ക് 10 രൂപ കൂടും.



