വിവാഹത്തിൽ നിന്ന് പിൻമാറണം എന്ന് ആവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മർദനശേഷം കൈകൾക്കൂട്ടിക്കെട്ടി യുവതിയെ വഴിയിൽ ഉപേക്ഷിച്ചു.
കോതമംഗലം സ്വദേശി നിധിൻ ആണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. നിധിന്റെ വിവാഹം ഈ വരുന്ന തിങ്കളഴ്ച ആണെന്ന് അറിഞ്ഞതിനെ തുടർന്ന് യുവതി ഇയാളെ സമീപിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെടുകയുമായിരുന്നു. സമവായത്തിന് ശ്രമിക്കുന്നതിനിടെയാണ് നിധിൻ യുവതിയുമായി കോതമംഗലത്തേയ്ക്ക് പോകുന്നത് എന്നാൽ യാത്രയ്ക്കിടെ കാറിൽ വെച്ച് യുവതിയെ ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു.

അവശയായ യുവതി മരിച്ചുവെന്ന് കരുതി കൈകൾ കൂട്ടിക്കെട്ടി കോതമംഗലത്തെ ന്യൂ ബൈപാസിൽ ഇവരെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. യുവതിയുടെ കൈയിൽ ഉണ്ടായിരുന്ന 12 പവനോളം സ്വർണം നിധിൻ കവർന്നുവെന്നും ആരോപണമുണ്ട്.

പിന്നീട് യുവതി നാട്ടുകാരോട് വിവരം അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുന്നത്തുനാട് പൊലീസ് കേസ് എടുത്തിട്ടുള്ളത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമല്ല. നിധിനുമായി പൊലീസ് തെളിവെടുപ്പ് നടത്തി.