നീതിന്യായ വ്യവസ്ഥയിലെ കാലതാമസം പരിഹരിക്കുന്നതിനായി സുപ്രധാന നീക്കവുമായി സുപ്രീം കോടതി. ഇതിന്റെ ഭാഗമായി കേസുകളിൽ വാദം കേട്ട് വിധി പറയാൻ മാറ്റിവച്ച ശേഷം വിധി പ്രസ്താവിക്കുന്നതിനും അത് അപ്‌ലോഡ് ചെയ്യുന്നതിനും കൃത്യമായ സമയപരിധിയും മാർഗ്ഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ഒരു കേസ് വിധി പ്രസ്താവിക്കാൻ മാറ്റിവച്ച് മൂന്നു മാസത്തിനകം വിധി പറഞ്ഞില്ലെങ്കിൽ ബന്ധപ്പെട്ട രജിസ്ട്രാർ ജനറൽ ഈ വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
വിധി പ്രസ്താവിക്കുന്നതിനായി ചീഫ് ജസ്റ്റിസിന് പരമാവധി രണ്ടാഴ്ചത്തെ അധിക സമയം കൂടി അനുവദിക്കാം. ഈ കാലയളവിനുള്ളിലും വിധി പറഞ്ഞില്ലെങ്കിൽ, കേസ് പരിഗണിക്കാനായി മറ്റൊരു ബെഞ്ചിന് കൈമാറാം. വിധിയുടെ പ്രധാന ഭാഗം മാത്രം പ്രസ്താവിച്ച കേസുകളിൽ, അതിന്റെ വിശദമായ കാരണങ്ങൾ അടങ്ങിയ പൂർണ്ണരൂപം 15 ദിവസത്തിനകം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ഈ നിർദ്ദേശം നടപ്പാക്കിയില്ലെങ്കിൽ കക്ഷികൾക്ക് കോടതിയെ സമീപിക്കാം. 30 ദിവസത്തിനകം കാരണങ്ങൾ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ, കേസ് പരിഗണിക്കുന്നതിനായി മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ഹർജിക്കാർക്ക് അവകാശമുണ്ടായിരിക്കും.



