അതിരപ്പിള്ളിക്ക് സമീപം വീടിനടുത്ത് വെച്ചുണ്ടായ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. പുല്ലേർകാട്ട് മോഹനൻ (62) ആണ് മരിച്ചത്. പുലർച്ചെ 2.45 ഓടെയാണ് സംഭവം. ജനവാസ മേഖലയ്ക്ക് സമീപമെത്തിയ കാട്ടാനയെ ഓടിക്കാൻ മോഹനനും ബന്ധുക്കളായ മറ്റു രണ്ടു പേരും ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
മൂവരും ചേർന്ന് ആനയെ തുരത്താൻ ശ്രമിച്ചപ്പോൾ ആന തിരിഞ്ഞ് ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മോഹനനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. ആക്രമണത്തിന് ശേഷം ആന കാട്ടിലേക്ക് തന്നെ മടങ്ങിപ്പോയതായും നിലവിൽ പ്രദേശത്ത് ഇല്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എങ്കിലും ആന വീണ്ടും തിരിച്ചെത്തില്ലെന്ന് ഉറപ്പാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.



