തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആരംഭിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പോലീസ് ബാൻഡ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.
വന്ദേമാതരം മുഴുവനും വേണ്ട എന്ന നിർദേശം മുഖ്യമന്ത്രി വി ഡി സതീശന്റെ ഭാഗത്തുനിന്നാണുണ്ടായത് എന്നാണ് റിപ്പോർട്ട്. നിർദേശം സ്പീക്കർക്ക് കൈമാറുകയായിരുന്നു.
നവകേരള നിർമ്മിതിക്കും സുതാര്യവും വേഗത്തിലുള്ളതുമായ ഭരണസംവിധാന ഉറപ്പിനും മുൻഗണന നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പുവരുത്തി അഴിമതിരഹിതമായ ഭരണം കാഴ്ചവെക്കുമെന്നും മതനിരപേക്ഷതയ്ക്ക് മുൻതൂക്കം നൽകുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്.



