തിരുവനന്തപുരം: മെയ് 26ന് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ( കാലവർഷം ) എത്തുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും കാലവർഷം എത്തുന്നത് വൈകുകയാണ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട തോതിൽ മഴ ലഭിക്കുന്ന അന്തരീക്ഷമാണുള്ളത്. വരും ദിവസങ്ങളിലെ മഴ സാധ്യതകൾ മുന്നിൽ കണ്ട് പല ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അയൽസംസ്ഥാനമായ കർണാടകയിൽ മൺസൂൺ സാധ്യതകൾ ശക്തമാക്കി ഇടിമിന്നലോട് കൂടിയ മഴ എത്തിക്കഴിഞ്ഞു. ഇതോടെ കേരളത്തിൽ എന്നാകും മൺസൂൺ എത്തുകയെന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. ജൂൺ രണ്ടിനോ, നാലിനോ സംസ്ഥാനത്ത് മൺസൂൺ എത്തുമെന്ന സൂചനകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. ഇത്തവണത്തെ മൺസൂണിൽ മഴയുടെ തോത് കുറവായിരിക്കുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകുന്നുണ്ട്.
തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നിന് ആരംഭിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ഏതാനം വർഷങ്ങളായി കാലവർഷം എത്തുമെന്നറിയപ്പെടുന്ന തീയതിക്ക് രണ്ട് ദിവസം മുൻപോ അതിന് ശേഷമോ മൺസൂൺ എത്തുന്നതാണ് പതിവ്. മെയ് 26ന് കേരളത്തിൽ മൺസൂൺ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രവചിച്ചിരുന്നു. എന്നാൽ, പ്രവചനം തെറ്റിച്ച് സംസ്ഥാനത്ത് മൺസൂൺ എത്തുന്നത് വൈകി.
ജൂൺ ഒന്നുവരെ സംസ്ഥാനത്ത് മഴ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജൂൺ ആദ്യത്തോടെ കേരളത്തിൽ മൺസൂൺ എത്താനുള്ള സാധ്യതകളാണ് കാണുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മെയ് 27ലെ അറിയിപ്പ് പ്രകാരം അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ആൻഡമാൻ കടലിന്റെയും ഭാഗങ്ങളിലേക്ക് മൺസൂൺ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളുണ്ടാകും.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരുന്ന സാഹചര്യമാണുള്ളത്. ഉത്തർ പ്രദേശിലെ ബന്ദയിലും മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ ബ്രഹ്മപുരിയിലും ഈ ആഴ്ച ആദ്യം ഇന്ത്യയിലെ ഏറ്റവും ഉയർന്ന താപനില 47.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറൻ, മധ്യ, പടിഞ്ഞാറൻ ഇന്ത്യകളിൽ തുടർച്ചയായി ഏഴ് മുതൽ എട്ട് ദിവസത്തേക്ക് കടുത്ത ഉഷ്ണതരംഗം അനുഭവപ്പെട്ടു. തെക്കൻ സംസ്ഥാനങ്ങളിൽ മഴയുടെ സാന്നിധ്യം തുടരുമ്പോൾ വടക്ക് ഭാഗത്തെ സംസ്ഥാനങ്ങൾ ചൂടിൻ്റെ ഭീഷണിയിലാണുള്ളത്.



