വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിനുള്ള ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടി നൽകുന്ന നീക്കവുമായി യുഎസ് ഭരണകൂടം. ഇന്ത്യക്കാർക്കുള്ള ഇബി-2 (EB-2) വിഭാഗത്തിലെ ഗ്രീൻ കാർഡ് ക്വാട്ട പൂർണ്ണമായും അവസാനിച്ചതായാണ് യുഎസ് ഭരണകൂടം ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അമേരിക്കൻ വിസ നിയമപ്രകാരമുള്ള പരിധി കഴിഞ്ഞിരിക്കുന്നുവെന്നാണ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷത്തിൽ ഇനി ഇന്ത്യക്കാർക്ക് ഇബി-2 വിഭാഗത്തിൽ പുതിയതായി ഗ്രീൻ കാർഡ് അനുവദിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്താണ് ഇബി-2 ഗ്രീൻ കാർഡ്? ആരെയാണ് ബാധിക്കുക?

ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള പ്രൊഫഷണലുകൾക്കും ശാസ്ത്രം, ബിസിനസ്സ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ അസാധാരണ കഴിവുള്ളവർക്കും നൽകുന്ന തൊഴിലധിഷ്ഠിത ഗ്രീൻ കാർഡാണിത്. അമേരിക്കയിലെ പ്രമുഖ കമ്പനികൾ ഇന്ത്യൻ പ്രൊഫഷണലുകളെ സ്ഥിരമായി നിലനിർത്താൻ ഈ വിസ വിഭാഗത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

നിലവിൽ അമേരിക്കയ്ക്ക് പുറത്ത് ഇന്ത്യയിൽ ഇരുന്ന് വിസ അഭിമുഖത്തിനായി കാത്തിരിക്കുന്ന പ്രൊഫഷണലുകളെയും, അമേരിക്കയിൽ ജോലി ചെയ്ത് ഗ്രീൻ കാർഡിന്റെ അവസാന ഘട്ട അപേക്ഷ സമർപ്പിച്ചവരെയും ഈ തീരുമാനം നേരിട്ട് ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ക്വാട്ട തീരാൻ കാരണമെന്ത്?

യുഎസ് ഇമിഗ്രേഷൻ നിയമപ്രകാരം ഒരു വർഷം ആകെ നൽകുന്ന തൊഴിലധിഷ്ഠിത ഗ്രീൻ കാർഡുകളിൽ 28.6 ശതമാനം മാത്രമാണ് ഇബി-2 വിഭാഗത്തിന് നൽകുകയുള്ളൂ. ഇതിന് പുറമെ, ഒരു രാജ്യത്തിന് മാത്രമായി ആകെ സീറ്റുകളുടെ 7 ശതമാനത്തിൽ കൂടുതൽ നൽകാൻ പാടില്ലെന്ന കടുത്ത നിബന്ധനയും യുസിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനസംഖ്യ കൂടുതലുള്ള ഇന്ത്യ ചൈന തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ ഇത് നേരിട്ട് ബാധിക്കുകയും ചെയ്‌യും.

ഇനി എപ്പോൾ പുനരാരംഭിക്കും?

ഈ സാമ്പത്തിക വർഷത്തെ വിസ മാത്രമാണ് കഴിഞ്ഞിരുന്നത്. ഉടൻ തന്നെ അടുത്ത സാമ്പത്തിക വര്ഷത്തിലേക്കുള്ള വിസ നടപടികൾ ആരംഭിക്കുമെന്ന് ഇമിഗ്രേഷന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 2026 ഒക്ടോബർ 1 മുതൽ പുതിയ ക്വാട്ട നിലവിൽ വരും. അപ്പോൾ മുതൽ ഇനി പുതിയ ഗ്രീൻ കാർഡുകൾ അനുവദിക്കാൻ ആരംഭിക്കും. അതുവരെ നിലവിലെ അപേക്ഷകൾ യുഎസ്സിഐഎസ് (USCIS) താൽക്കാലികമായി മാറ്റിവെക്കും. എന്നാൽ മുൻഗണനാ തീയതി പ്രകാരം കാത്തിരിക്കുന്നവരുടെ അപേക്ഷകൾ നിരസിക്കപ്പെടുകയില്ലെന്ന് അധികൃതർ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.

യുഎസ് വിസ നിയമങ്ങളും തീയതികളും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അപേക്ഷകർ ഔദ്യോഗിക യുഎസ്സിഐഎസ് പോർട്ടലുകൾ വഴിയോ ഇമിഗ്രേഷൻ വിദഗ്ദ്ധർ വഴിയോ കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ ഉറപ്പുവരുത്തേണ്ടതാണ്.