ഇറാനുമായി ചര്‍ച്ച ചെയ്യുന്ന സമാധാന കരാറിന്റെ നിബന്ധനകളില്‍ താന്‍ ഇതുവരെ പൂര്‍ണ്ണ തൃപ്തനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ടെഹ്റാന് താല്പര്യമുണ്ടെങ്കിലും ചര്‍ച്ചകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്നും, കരാര്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം പുനരാരംഭിക്കാന്‍ വാഷിംഗ്ടണ്‍ സന്നദ്ധമാണെന്നും ട്രംപ് ആവര്‍ത്തിച്ചു.
‘അവര്‍ക്ക് മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ ഒരു കരാറിലെത്താന്‍ ഇറാന് വളരെയധികം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ നിബന്ധനകളില്‍ ഞങ്ങള്‍ തൃപ്തരല്ല. ഒന്നുകില്‍ യുഎസിന് അനുകൂലമായി കാര്യങ്ങള്‍ വരണം, അല്ലെങ്കില്‍ സൈനിക നടപടിയിലൂടെ ഞങ്ങള്‍ ലക്ഷ്യം പൂര്‍ത്തിയാക്കും.’- ട്രംപ് വ്യക്തമാക്കി.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും മേഖലയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതും ഉള്‍പ്പെടുന്ന ഒരു കരട് കരാര്‍ രൂപപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടെന്ന് സൂചിപ്പിച്ചെങ്കിലും, ഇരുപക്ഷവും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ചര്‍ച്ചകളില്‍ തിടുക്കം കൂട്ടരുതെന്ന് തന്റെ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപും വ്യക്തമാക്കി. ഗതാഗതം പുനസ്ഥാപിക്കലിന്റെ ഭാഗമായി ഇറാനും ഒമാനും സംയുക്തമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം ഒരു മാസത്തിനകം യുദ്ധത്തിന് മുന്‍പുള്ള നിലവാരത്തിലേക്ക് മാറ്റും. ഉപരോധം പിന്‍വലിക്കലിന് പ്രതിഫലമായി ഇറാന് തുറമുഖങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കും. എന്നാല്‍ ഇറാന്റെ ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുന്നതിനെക്കുറിച്ചോ ഈ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ല.
ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച ട്രംപ്, കരാര്‍ ഉണ്ടായാലും അതിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് വരുത്തുമെന്ന സൂചനകളും പ്രസിഡന്റ് തള്ളി.



