ഇറാന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേയ്ക്ക് മൂന്നൂ മാസം. സമാധാനചര്‍ച്ചകള്‍ തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ കാര്യത്തിലും ആണവപദ്ധതിയുടെ കാര്യത്തിലും അമേരിക്കയും ഇറാനും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയാണ്. യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കാനും തുടങ്ങിയിരിക്കുന്നു.

ഫെബ്രുവരി 28-നാണ് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന പേരില്‍ ഇറാനെതിരെയുള്ള സൈനികനീക്കങ്ങള്‍ക്ക് അമേരിക്കയും ഇസ്രയേലും തുടക്കമിട്ടത്. ഇറാനിലെ ആണവ നിലയങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ഭരണകൂട ആസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ട ആക്രമണങ്ങള്‍. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ടു. മിസൈല്‍ ആക്രമണത്തില്‍ മിനാബിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 165 കുട്ടികള്‍ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കി. ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. ഇസ്രയേലിന് പുറമെ ജിസിസി രാജ്യങ്ങളിലേക്കും മറ്റ് അറബ് രാജ്യങ്ങളിലേക്കും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഈ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.

മാര്‍ച്ച് നാലിന് ശ്രീലങ്കക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍ കപ്പലായ ഐറിസ് ദേനയ്ക്ക് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ 87 നാവികര്‍ കൊല്ലപ്പെട്ടു. പിന്നീട് നടന്ന ആക്രമണങ്ങളില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയും ഇറാന്‍ ബാസിജ് കമാന്‍ഡര്‍ ഗുലാം റിസ സുലൈമാനിയും ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ആദ്യ ദിനത്തില്‍ പരുക്കേറ്റശേഷം പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനയി പ്രസ്താവനകള്‍ ഇറക്കുന്നതല്ലാതെ ഇതുവരെയും പരസ്യമായി രംഗത്തുവന്നിട്ടില്ല. ഇറാന്റെ നതാന്‍സ് ആണവനിലയം ആക്രമിച്ചതിന് മറുപടിയായി ഇസ്രയേലിലെ ഡിമോണ ആണവനിലയം ലക്ഷ്യമാക്കി ഇറാന്റെ ആക്രമണമുണ്ടായി. മാര്‍ച്ച് 17 ന് ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടത്തിനു നേരെയുണ്ടായ ആക്രമണം യുദ്ധത്തിന്റെ ഗതി മാറ്റി.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും അടച്ചതോടെ ആഗോളതലത്തില്‍ ക്രൂഡ് വില കുതിച്ചുയര്‍ന്നു. ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതനിലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന് ട്രംപ് അന്ത്യശാസനം മുഴക്കി. പിന്നീട് ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പത്തുദിവസത്തേക്ക് ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. 15 നിര്‍ദ്ദേശങ്ങളടങ്ങിയ അമേരിക്കയുടെ സമാധാന പ്ലാന്‍ ഇറാന്‍ തള്ളി. ഏപ്രില്‍ നാലിന് 48 മണിക്കൂര്‍ കൂടി ട്രംപ് സമയം നല്‍കി. അന്ത്യശാസനം അവസാനിക്കുന്നതിനു മുമ്പ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഏപ്രില്‍ 11നും 12 നും ഇസ്ലാമാബാദില്‍ അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ച നടന്നു. ചര്‍ച്ച പരാജയപ്പെട്ടു. ഏപ്രില്‍ 12 ന് ഹോര്‍മുസില്‍ ട്രംപ് നാവിക ഉപരോധം പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇറാന്‍- അമേരിക്ക രണ്ടാം ഘട്ട ചര്‍ച്ച അനിശ്ചിതത്വത്തിലായി.

മെയ് നാലിന് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാന്‍ ട്രംപ് പ്രോജക്ട് ഫ്രീഡം പ്രഖ്യാപിച്ചെങ്കിലും ഒറ്റ ദിവസത്തിനുള്ളില്‍ യു എ ഇയുടെ എതിര്‍പ്പ് മൂലം പദ്ധതി നിര്‍ത്തിവച്ചു. ഇറാന്‍ യുദ്ധത്തില്‍ സൈനിക നടപടികള്‍ അവസാനിപ്പിച്ചതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. മെയ് 7ന് അമേരിക്കയുടെ 14 ഇന നിര്‍ദ്ദേശങ്ങള്‍ ഇറാന് ലഭിച്ചു. ഈ നിര്‍ദ്ദേശം ഇറാന്‍ തള്ളുകയും പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. അതിനിടെ മെയ് 19-ന് ഇറാനെതിരെ നടത്താനിരുന്ന ആക്രമണം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ മാറ്റിവയ്ക്കുകയാണെന്ന് ട്രംപ് പ്രസ്താവിച്ചു. മെയ് 24ന് ഇറാനുമായുള്ള കരാര്‍ അന്തിമഘട്ടത്തിലാണെന്നും ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപ് പ്രസ്താവിച്ചു. മെയ് 26ന് തെക്കന്‍ ഇറാനിലെ മിസൈല്‍ കേന്ദ്രങ്ങളെയും മൈനുകള്‍ വിതയ്ക്കുന്ന ബോട്ടുകളെയും ലക്ഷ്യം അമേരിക്ക ആക്രമണം നടത്തി. തുടര്‍ന്ന് തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധം തുടങ്ങി മൂന്നു മാസം പൂര്‍ത്തിയാകുമ്പോഴും സമാധാനം ഇപ്പോഴും അകലെയാണെന്നതാണ് വാസ്തവം.