12 വര്‍ഷം ഒപ്പം ജീവിച്ച ഭാര്യയെ ഒഴിവാക്കുന്നതിനായി അവരെ മറ്റൊരാള്‍ക്ക് വിറ്റ് മധ്യവയസ്‌കന്‍. ഗുജറാത്തിലാണ് ഞെട്ടിക്കുന്ന സംഭവം. മറ്റൊരാള്‍ക്ക് 50000 രൂപയ്ക്കാണ് ഇയാള്‍ ഭാര്യയെ വിറ്റത്. പണം നല്‍കിയയാള്‍ സ്ത്രീയെ 10 ദിവസത്തോളമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഭാര്യയെ വിറ്റ കുറ്റകൃത്യം മറയ്ക്കുന്നതിനായി ഇയാള്‍ ഭാര്യയെ കാണാനില്ലെന്നും ഭാര്യ എങ്ങോട്ടോ ഓടിപ്പോയെന്നും കാട്ടി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഗുജറാത്തിലെ പലാന്‍പുരിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് താക്കൂര്‍, അശോക് താക്കൂര്‍, സച്ചിന്‍ താക്കൂര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ സുഹൃത്തുക്കള്‍ക്ക് തന്നെയാണ് ഇയാള്‍ ഭാര്യയെ വിറ്റത്. യുവതിയെ വാങ്ങുന്നതിനായി പണം നല്‍കിയ രണ്ടുപേരും യുവതിയെ ബലാത്സംഗം ചെയ്തുവെന്നും അവരുടെ കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കിയെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ തിരോധാന പരാതിയുടെ അന്വേഷണമാണ് ഒടുവില്‍ പെണ്‍വാണിഭം നടന്നെന്ന കണ്ടെത്തലില്‍ എത്തിനിന്നത്. പരാതി നല്‍കിയ ആളുടെ പെരുമാറ്റത്തിലും മറ്റും ആദ്യം മുതല്‍ തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നതായി ഡിവൈഎസ്പി ജെജെ ഗാമിത് പറഞ്ഞു.