ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണ പരമ്പരകൾക്കിടയിൽ ഹമാസിന്റെ പുതിയ സൈനിക മേധാവി മുഹമ്മദ് ഊദെയെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേനയുടെ അവകാശവാദം. വടക്കൻ ഗസ്സയിൽ ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഊദെ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിലൂടെ പുറത്തുവിട്ടു. ചൊവ്വാഴ്ച വൈകീട്ടോടെ ഇസ്രായേൽ മാധ്യമങ്ങളാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. എന്നാൽ, തങ്ങളുടെ സൈനിക തലവന്റെ മരണത്തെക്കുറിച്ച് ഹമാസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുൻ സൈനിക മേധാവി ഇസ്സുദ്ദീൻ അൽ ഹദ്ദാദ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഈ കഴിഞ്ഞ മെയ് മാസത്തിലാണ് ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സിന്റെ കമാൻഡറായി മുഹമ്മദ് ഊദെ ചുമതലയേൽക്കുന്നത്. ചുമതലയേറ്റ് ആഴ്ചകൾക്കകമാണ് ഊദെയും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രായേൽ രംഗത്തെത്തുന്നത്.
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് മുഹമ്മദ് ഊദെ എന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. നിരവധി ഇസ്രായേലി പൗരന്മാരെയും സൈനികരെയും വധിച്ചതിനും തട്ടിക്കൊണ്ടുപോയതിനും പിന്നിൽ ഊദെയാണെന്നും ഇസ്രായേൽ ആരോപിക്കുന്നുണ്ട്.
മുഹമ്മദ് ഊദെയെ വധിച്ച സൈനിക നടപടിയിൽ പങ്കാളികളായ ഇസ്രായേൽ പ്രതിരോധ സേനയെയും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിനെയും ഇസ്രായേൽ ഭരണകൂടം അഭിനന്ദിച്ചു. “ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയിൽ പങ്കാളികളായ ഓരോരുത്തരെയും ഞങ്ങൾ വേട്ടയാടുന്നത് തുടരും. ഇന്നല്ലെങ്കിൽ നാളെ, അവരെയെല്ലാം ഇസ്രായേൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.” ഇസ്രായേൽ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.



