എബോള ഭീതിയുടെ പശ്ചാത്തലത്തിൽ ഉഗാണ്ടയിൽ നിന്നെത്തിയ 28 കാരിയായ യുവതിയെ ബെംഗളൂരുവിൽ നിരീക്ഷണത്തിലാക്കി. നേരിയ ലക്ഷണങ്ങളും ശരീരവേദനയും കണ്ടതിനെ തുടർന്ന് ഇവരെ ബെംഗളൂരുവിലെ സർക്കാർ എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ എബോള ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു. എന്നാൽ യുവതിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഉഗാണ്ടയിൽ നിന്ന് അടുത്തിടെ ഗുജറാത്തിലെ അഹമ്മദാബാദിൽ എത്തിയ യുവതി പിന്നീട് ബെംഗളൂരുവിലേക്ക് വരികയായിരുന്നു. എയർപോർട്ട് സ്ക്രീനിംഗിൽ ഇവർക്ക് ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെങ്കിലും, എബോള ബാധിത പ്രദേശത്തു നിന്നുള്ള യാത്രാ ചരിത്രം കണക്കിലെടുത്ത് ഡിസ്ട്രിക്റ്റ് സർവൈലൻസ് ടീമും എയർപോർട്ട് ആരോഗ്യ ഉദ്യോഗസ്ഥരും ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. യാത്ര കഴിഞ്ഞ് ഏകദേശം 24 മണിക്കൂറിന് ശേഷം ഇവർക്ക് നേരിയ ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സാമ്പിളുകൾ ശേഖരിച്ച് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചത്.

ആദ്യ ഫലം നെഗറ്റീവ് ആണെങ്കിൽ പോലും, കൃത്യമായ പ്രോട്ടോക്കോൾ അനുസരിച്ച് 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ഇവരെ വീണ്ടും പരിശോധനയ്ക്ക് വിധേയയാക്കും. തുടർച്ചയായി രണ്ട് തവണ പരിശോധനാ ഫലം നെഗറ്റീവ് ആയാൽ മാത്രമേ ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യൂ എന്ന് അധികൃതർ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തെ തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെയും മംഗളൂരുവിലെയും സർക്കാർ ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ, ക്വാറന്റൈൻ, ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.