കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇ ഡി നടത്തുന്ന റെയ്ഡുകൾക്കെതിരെ കടുത്ത പ്രതികരണവുമായി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് വ്യക്തമാക്കിയ റിയാസ്, അവസാന ശ്വാസം വരെയും പോരാടുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചു.
“വളഞ്ഞിട്ടടിച്ചോളൂ….. പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും” എന്നാണ് റിയാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഭാര്യാപിതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതികളിലും അടക്കം ഇഡി റെയ്ഡ് നടത്തി വരികയാണ്. റിയാസിന്റെ ഭാര്യ വീണാ വിജയന്റെ എക്സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വസതിയിലും മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലുമടക്കം ഇഡി പരിശോധന നടത്തിയത്. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വീട്ടിലും ഒരേസമയം പരിശോധന നടന്നിരുന്നു.



