ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് വിജയഗാഥകളിലൊന്നിന്റെ നാടകീയമായ പതനം മറ്റൊരു നിർണായക വഴിത്തിരിവിലേക്ക്. പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കോടതിയലക്ഷ്യ കേസിലാണ് നടപടി. 2024 ഏപ്രിൽ മുതലുള്ള തന്റെ ആസ്തികളുമായി ബന്ധപ്പെട്ട ഒന്നിലധികം കോടതി ഉത്തരവുകൾ ബൈജു ആവർത്തിച്ച് ലംഘിച്ചതായി കോടതി കണ്ടെത്തിയതായാണ് റിപ്പോർട്ട്.
അധികൃതർക്ക് മുന്നിൽ കീഴടങ്ങാനും, കോടതിച്ചെലവായി 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 70,500 യു.എസ് ഡോളർ) നൽകാനും സിംഗപ്പൂർ കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, ഒരു അനുബന്ധ സ്ഥാപനത്തിന്റെ ഓഹരികൾ കൈവശം വച്ചിരിക്കുന്ന Beaar Investco Pte എന്ന കമ്പനിയുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാനും സിംഗപ്പൂർ കോടതി ഉത്തരവിട്ടതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ബൈജു രവീന്ദ്രൻ എവിടെയാണെന്നതിൽ നിലവിൽ വ്യക്തതയില്ല. വിഷയത്തിൽ പ്രതികരണത്തിനായുള്ള അഭ്യർത്ഥനയോട് അദ്ദേഹം ഉടനടി പ്രതികരിച്ചില്ലെന്ന് ബ്ലൂംബെർഗ് വ്യക്തമാക്കി.



