ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ (UNSC) പാകിസ്ഥാനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്നതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇസ്ലാമാബാദ് മനസ്സിലാക്കണമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി ഭീകരവാദത്തിനും മതപരമായ തീവ്രവാദത്തിനും അക്രമപരമായ തീവ്രവാദത്തിനും പാകിസ്ഥാൻ നൽകിവരുന്ന പിന്തുണയെ ഇന്ത്യ യുഎൻ വേദിയിൽ തുറന്നുകാട്ടി.
ന്യൂയോർക്കിൽ നടന്ന യുഎൻ സുരക്ഷാ കൗൺസിൽ ഓപ്പൺ ഡിബേറ്റിൽ സംസാരിക്കവെ, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡർ ഹരീഷ് പർവതനേനിയാണ് പാകിസ്ഥാന് ശക്തമായ മറുപടി നൽകിയത്. “ഇന്ന് പാകിസ്ഥാൻ ഉന്നയിച്ച അടിസ്ഥാനരഹിതവും അനാവശ്യവുമായ പരാമർശങ്ങൾക്ക് മറുപടി നൽകാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. യഥാർത്ഥ വസ്തുതകൾ എന്താണെന്ന് വ്യക്തമാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.



