ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അമിത ഉപയോഗം കുട്ടികളുടെ ചിന്താശേഷിയെയും പഠനത്തെയും ബാധിക്കുമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ മുന്നറിയിപ്പ് നൽകി. മെയ് 25 ന് പുറത്തിറക്കിയ ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ എന്ന പ്രഥമ ചാക്രികലേഖനത്തിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
സാങ്കേതികവിദ്യയിലൂടെ എളുപ്പത്തിൽ ഉത്തരങ്ങൾ ലഭിക്കുന്നത് ചോദ്യങ്ങൾ ചോദിക്കാനും ആഴത്തിൽ ചിന്തിക്കാനുമുള്ള കുട്ടികളുടെ ആഗ്രഹത്തെ ഇല്ലാതാക്കുന്നു. പെട്ടെന്ന് ഫലം തരുന്ന ഡിജിറ്റൽ സംസ്കാരം കുട്ടികളിൽ മടുപ്പും അലസതയും ഉണ്ടാക്കുന്നു. എന്നാൽ യഥാർഥ പഠനത്തിനും സത്യം തിരിച്ചറിയുന്നതിനും സമയവും ക്ഷമയും ആവശ്യമാണ് എന്ന് പാപ്പ പറഞ്ഞു.
ചെറുപ്രായത്തിലുള്ള അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗം ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു. ഇന്റർനെറ്റിലെ അശ്ലീല – അക്രമ ദൃശ്യങ്ങളും സൈബർ ബുള്ളിയിംഗും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും പാപ്പ വ്യക്തമാക്കി.
പ്ലാറ്റ്ഫോമുകളുടെ ലാഭക്കൊതിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഓസ്ട്രേലിയ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ മാതൃകയാക്കി കർശനമായ പ്രായപരിധിയും നിയമങ്ങളും കൊണ്ടുവരാൻ സർക്കാരുകൾ തയ്യാറാകണമെന്നും സാങ്കേതികവിദ്യകളെ കുട്ടികൾക്ക് ശരിയായ രീതിയിൽ പരിചയപ്പെടുത്താൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും പാപ്പ ആവശ്യപ്പെട്ടു.
ഡിജിറ്റൽ ലോകത്തെ വേഗതയല്ല മറിച്ച് പരസ്പരമുള്ള നല്ല ബന്ധങ്ങളും ചിന്താശേഷിയുമാണ് വിദ്യാലയങ്ങൾ പകർന്നു നൽകേണ്ടത്. എഐ എപ്പോൾ, എന്തിനുവേണ്ടി ഉപയോഗിക്കരുത് എന്ന് തീരുമാനിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.



