തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച് എ.ഐ.എ.ഡി.എം.കെയിൽ വീണ്ടും വൻ പ്രതിസന്ധി. മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ടി.വികെയിൽ മൂന്നു എം.എൽ.എമാർ ചേർന്നതിന് തൊട്ടുപിന്നാലെ, എ.ഐ.എ.ഡി.എം.കെ എസ്‌പി വേലുമണി പക്ഷത്ത് നിന്ന് മറ്റൊരു എംഎൽഎ കൂടി രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായ പാർട്ടിക്ക് വലിയ തിരിച്ചടിയാണ് ഈ നീക്കമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മെയ് 13-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരിൽ ഒരാളാണ് നിലവിൽ രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇയാളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വോട്ടിംഗോടെയാണ് പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ കൂടുതൽ രൂക്ഷമായത്.



