ഫുട്ബോള്‍ മൈതാനത്തെ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ സാമ്പത്തിക സിംഹാസനത്തിലും ചരിത്രം കുറിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം ‘ബില്യണയര്‍’ (ശതകോടീശ്വരന്‍) പദവി കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഫുട്ബോള്‍ താരമെന്ന നേട്ടമാണ് ഇന്റര്‍ മയാമി ക്യാപ്റ്റന്‍ കൂടിയായ മെസി സ്വന്തമാക്കിയത്.
പുതിയ ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചികയിലാണ് മെസിയുടെ ആകെ ആസ്തി 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടിയിലധികം രൂപ) പിന്നിട്ടതായി വ്യക്തമാക്കുന്നത്. ബ്ലൂംബെര്‍ഗിന്റെ വിശകലനമനുസരിച്ച്, 2007 ല്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത് മുതല്‍ ശമ്പള ഇനത്തിലും ബോണസായും മാത്രം 700 മില്യണ്‍ ഡോളറിലധികം (ഏകദേശം 5,800 കോടി രൂപ) മെസി സമ്പാദിച്ചിട്ടുണ്ട്. നികുതി കിഴിവുകള്‍ക്ക് ശേഷമുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം, ആഗോള ബ്രാന്‍ഡുകളുടെ പരസ്യ കരാറുകള്‍, വിപണിയിലെ മികച്ച പ്രകടനം എന്നിവയാണ് മെസിയുടെ ആസ്തി 100 കോടി ഡോളര്‍ എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ സഹായിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആഗോള ബ്രാന്‍ഡിംഗിലൂടെയും കടുത്ത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും അതിവേഗം പണം വാരിയപ്പോള്‍, മെസിയുടേത് കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ യൂറോപ്പിലും അമേരിക്കയിലുമായി നടത്തിയ സുരക്ഷിതവും ചിട്ടയായതുമായ നിക്ഷേപങ്ങളിലൂടെയുള്ള വളര്‍ച്ചയായിരുന്നു.
2022 ലോകകപ്പ് വിജയത്തിന് ശേഷം സൗദി ക്ലബ്ബായ അല്‍-ഹിലാലില്‍ നിന്ന് പ്രതിവര്‍ഷം 400 മില്യണ്‍ ഡോളറിന്റെ വമ്പന്‍ ഓഫര്‍ വന്നിട്ടും മെസി അത് നിരസിച്ച് അമേരിക്കന്‍ ലീഗിലെ ഇന്റര്‍ മയാമിയിലേക്ക് മാറുകയായിരുന്നു. പണത്തിന് വേണ്ടിയല്ല താന്‍ ഈ തീരുമാനമെടുത്തതെന്ന് അന്ന് മെസി വ്യക്തമാക്കിയിരുന്നെങ്കിലും, ബിസിനസ് പരമായി ഈ നീക്കം മെസ്സിക്ക് വന്‍ നേട്ടമായി മാറി. ആപ്പിള്‍ ടിവിയുടെ എംഎല്‍എസ് സ്ട്രീമിംഗ് വരുമാനത്തിന്റെ പങ്കും ക്ലബ്ബില്‍ ഭാവിയില്‍ ഓഹരി പങ്കാളിത്തം നേടാനുള്ള വ്യവസ്ഥകളും ഈ കരാറിന്റെ ഭാഗമായിരുന്നു.
പരസ്യ വരുമാനവും ബോണസും ഉള്‍പ്പെടെ പ്രതിവര്‍ഷം 70 മുതല്‍ 80 മില്യണ്‍ ഡോളര്‍ വരെയാണ് ഇന്റര്‍ മയാമിയില്‍ നിന്ന് മാത്രം മെസിക്ക് ലഭിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് സ്‌പെയിനിലെ മിം ഹോട്ടല്‍ ശൃംഖല ഉള്‍പ്പെടെ ഏകദേശം 232 മില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപങ്ങള്‍ മെസിയുടെ പ്രധാന ആസ്തികളില്‍ ഉള്‍പ്പെടുന്നു. സ്പോര്‍ട്സ് ഡ്രിങ്ക് ബ്രാന്‍ഡ് 2024 ല്‍ ആഗോള വിപണിയിലിറക്കിയ സ്വന്തം ബ്രാന്‍ഡായ മാസ് പ്ലസ് ഭക്ഷണ ശൃംഖല അര്‍ജന്റീനയിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ ‘എല്‍ ക്ലബ്ബ് ഡി ലാ മിലാനേസ’യിലെ പങ്കാളിത്തം. സ്ട്രീമിംഗ് വരുമാനം ആപ്പിള്‍ ടിവിയുടെ ‘എംഎല്‍എസ് സീസണ്‍ പാസ്’ സബ്സ്‌ക്രിപ്ഷന്‍ ലാഭവിഹിതം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നിക്ഷേപങ്ങളില്‍പ്പെടുന്നു.
അമേരിക്കയില്‍ വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി യു.എസില്‍ മെസി തരംഗം പുതിയ ഉയരങ്ങളിലെത്തി നില്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി ന്യൂജേഴ്സിയിലെ ബെര്‍ക്ക്ലി ഹൈറ്റ്സ് എന്ന ടൗണ്‍ഷിപ്പിലെ ഷെര്‍മാന്‍ അവന്യൂവിന്റെ ഒരു പ്രധാന ഭാഗത്തിന് ‘ലിയോ മെസ്സി വേ’ എന്ന് ഔദ്യോഗികമായി പേരിട്ടു. ലോകകപ്പിന് മുന്നോടിയായി ജനങ്ങളില്‍ ആവേശം വളര്‍ത്താന്‍ രൂപീകരിച്ച പ്രാദേശിക ടാസ്‌ക് ഫോഴ്സിന്റെ ശുപാര്‍ശ പ്രകാരമാണ് ഈ ആദരം. ഈ റോഡ് അവസാനിക്കുന്നത് അര്‍ജന്റീനക്കാരുടെ പ്രധാന ഒത്തുചേരല്‍ കേന്ദ്രമായ ‘പാട്രിയ സ്റ്റേഷന്‍ കഫേ’യ്ക്ക് സമീപമാണ്. അര്‍ജന്റീനയെ വീണ്ടും ലോകകപ്പില്‍ നയിക്കാനൊരുങ്ങുന്ന മുപ്പത്തിയെട്ടുകാരനായ മെസിക്ക്, കരിയറിന്റെ അവസാന ഘട്ടത്തിലും കളിമിടുക്കിലും സാമ്പത്തിക അടിത്തറയിലും ഒരേപോലെ തിളങ്ങാന്‍ കഴിയുന്നു എന്നത് ഈ നേട്ടത്തോടെ വ്യക്തമാകുകയാണ്.



