ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യന്‍ സൈന്യം നടത്തിയ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ വ്യാപക നാശനഷ്ടം. ആക്രമണത്തില്‍ തലസ്ഥാന നഗരിയില്‍ മാത്രം രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

യുദ്ധത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും തീവ്രമായ വ്യോമാക്രമണങ്ങളിലൊന്നിനാണ് ഞായറാഴ്ച കീവ് സാക്ഷ്യം വഹിച്ചത്. റഷ്യ പുതുതായി വികസിപ്പിച്ച അത്യാധുനിക ‘ഒരേഷ്‌നിക്’ (Oreshnik) ഹൈപ്പര്‍സോണിക് ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലും ആക്രമണത്തിനായി ഉപയോഗിച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സ്ഥിരീകരിച്ചു.

കീവിലെ ലുക്യാനിവ്സ്‌ക മെട്രോ സ്റ്റേഷന് സമീപമുള്ള ബിസിനസ് സെന്ററും ഒരു വലിയ മാര്‍ക്കറ്റും പൂര്‍ണ്ണമായും തകര്‍ന്നു. മുന്‍പ് ആറ് തവണ തകര്‍ക്കപ്പെടുകയും പിന്നീട് പുനര്‍ നിര്‍മ്മിക്കുകയും ചെയ്ത ഒരു കഫേയും ഇത്തവണത്തെ ആക്രമണത്തില്‍ ഇല്ലാതായി. കൂടാതെ ചെര്‍ണോബില്‍ മ്യൂസിയം, നാഷണല്‍ ആര്‍ട്ട് മ്യൂസിയം, ചരിത്ര പ്രസിദ്ധമായ തപാല്‍ ഓഫീസ് കെട്ടിടം എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഏകദേശം 600 ഡ്രോണുകളും 90 മിസൈലുകളും റഷ്യ ഒരേസമയം വിക്ഷേപിച്ചതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഇതില്‍ 549 ഡ്രോണുകളും 55 മിസൈലുകളും പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ഉക്രെയ്‌ന് സാധിച്ചെങ്കിലും, പ്രതിരോധം മറികടന്നെത്തിയ മിസൈലുകള്‍ നഗര മധ്യത്തിലും സമീപ നഗരമായ ബില സെര്‍ക്വയിലും പതിക്കുകയായിരുന്നു. ഇവിടെയാണ് ‘ഒരേഷ്‌നിക്’ മിസൈല്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്താണ് ഒരേഷ്‌നിക് മിസൈല്‍?

ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍ (Mach 10) സഞ്ചരിക്കാന്‍ ശേഷിയുള്ള ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണിത്. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളികളിലേക്ക് കുതിച്ചുയര്‍ന്ന ശേഷം അതിവേഗത്തില്‍ താഴേക്ക് പതിക്കുന്നതിനാല്‍ നിലവിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതിനെ തടയുക ദുഷ്‌കരമാണ്. ഭൂഗര്‍ഭ ബങ്കറുകള്‍ വരെ തകര്‍ക്കാന്‍ ഈ മിസൈലിന് ശേഷിയുണ്ട്. യുദ്ധത്തില്‍ മൂന്നാം തവണയാണ് റഷ്യ ഈ മിസൈല്‍ ഉപയോഗിക്കുന്നത്.

റഷ്യ സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ഈ മാരകായുധങ്ങള്‍ പ്രയോഗിക്കുന്നതെന്നും ഇത് ആഗോളതലത്തില്‍ തന്നെ അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും സെലെന്‍സ്‌കി കുറ്റപ്പെടുത്തി. റഷ്യയുടേത് ‘ഭീകരവാദപരമായ’ നീക്കമാണെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയും വ്യക്തമാക്കി.

എന്നാല്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കഴിഞ്ഞ ദിവസം റഷ്യന്‍ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌കിലെ ഒരു സൈനിക താവളത്തിന് നേരെ ഉക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് മോസ്‌കോയുടെ വാദം. ഉക്രെയ്‌ന്റെ കമാന്‍ഡ് സെന്ററുകളും വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും മാത്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും സിവിലിയന്‍ കേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും റഷ്യ അവകാശപ്പെട്ടു.

രാത്രി മുഴുവന്‍ നീണ്ടുനിന്ന സ്‌ഫോടനങ്ങളെത്തുടര്‍ന്ന് കീവ്, ചെര്‍കാസി, ഖാര്‍കിവ്, ഒഡേസ തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങള്‍ മെട്രോ സ്റ്റേഷനുകളിലും ഭൂഗര്‍ഭ ഷെല്‍ട്ടറുകളിലും അഭയം പ്രാപിച്ചു. റഷ്യയുടെ പുതിയ നീക്കത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് യൂറോപ്യന്‍ യൂണിയന്റെയും ഉക്രെയ്ന്‍ സഖ്യകക്ഷികളുടെയും തീരുമാനം.