എസ്ഡിപിഐ നേതാവിനൊപ്പം വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. കഴിക്കുമ്പോള്‍ താന്‍ കഴിച്ചതുപോലെ നല്ല ഭക്ഷണം കഴിക്കണമെന്നാണ് വിജയരാഘവന്റെ പരിഹാസം. താന്‍ പങ്കെടുത്തത് പാര്‍ട്ടി സഖാവിന്റെ അനിയന്റെ വീട്ടിലെ ചടങ്ങിലാണെന്നും എ വിജയരാഘവന് പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച ഈ സംഭവത്തില്‍ പരിഹാസത്തോടെയാണ് എ വിജയരാഘവന് തിരിച്ചടിച്ചത്. സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍ ആരായാലും പോകുമെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണം എവിടുന്നായാലും കഴിക്കണം. കഴിക്കുമ്പോള്‍ നല്ല ഭക്ഷണം കഴിക്കണം. ഉച്ഛിഷ്ടം ഭക്ഷിക്കരുത്. ഭക്ഷണം കഴിച്ചതിനെയൊക്കെ തെറ്റായി ഉപയോഗിക്കുന്നത് ഹീനമായ വര്ഗീയബോധമുള്ളവരാണെന്നും വിജയരാഘവന് പറഞ്ഞു. ഇത് നാളെ വിവാദമാകുമോ എന്നൊന്നും ഓര്ത്തുകൊണ്ടിരിക്കാതെയാണ് താന്‍ ഭക്ഷണം കഴിച്ചതെന്നും വിജയരാഘവന് വിശദീകരിച്ചു.
‘സൗഹൃദം, ഭക്ഷണം എല്ലാം മനുഷ്യര്‍ക്കുള്ള മൗലിക സ്വാതന്ത്ര്യമല്ലേ. സാമൂഹ്യമായി ഇടപെടുക എന്നതും മനുഷ്യന്റെ അവകാശമാണ്. ഇതിനെ എതിര്‍ക്കുന്ന വ്യക്തികള്‍ക്ക് തീര്‍ച്ചയായും രാഷ്ട്രീയ താത്പര്യങ്ങള്‍ കാണും. ഇതെല്ലാം പ്രചരിപ്പിക്കുന്നത് ഇടതുപക്ഷത്തെ തോല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വര്‍ഗീയശക്തികളാണ്. തെറ്റായ സ്ഥലമെന്ന് അവിടെ ബോര്‍ഡ് വച്ചിട്ടുണ്ടോ? നമ്മള് അവിടെ ഭക്ഷണം കഴിക്കുകയല്ലേ?’ വിജയരാഘവന് ചോദിച്ചു.



