ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കം. മൂന്ന് പതിറ്റാണ്ട് മുന്‍പ് യു.എസ് സിവിലിയന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ട സംഭവത്തില്‍ ക്യൂബന്‍ മുന്‍ പ്രസിഡന്റും വിപ്ലവ നേതാവുമായ റൗള്‍ കാസ്ട്രോയ്ക്കെതിരെ (94) യു.എസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഔദ്യോഗികമായി കൊലക്കുറ്റം ചുമത്തി.

കൊലപാതകം, വിമാനം തകര്‍ക്കല്‍ തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകളാണ് റൗളിനെതിരെ ചുമത്തിയിട്ടുള്ളത്. റൗള്‍ കാസ്ട്രോയ്ക്ക് പുറമെ ഒരു സൈനിക പൈലറ്റ് ഉള്‍പ്പെടെ മറ്റ് അഞ്ച് ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും പുതിയ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

1996 ഫെബ്രുവരിയില്‍ മയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ബ്രദേഴ്സ് ടു ദ റെസ്‌ക്യൂ’ എന്ന ക്യൂബന്‍ പ്രവാസി സംഘടനയുടെ രണ്ട് ചെറിയ വിമാനങ്ങള്‍ ക്യൂബന്‍ വ്യോമസേന വെടിവെച്ചിട്ട സംഭവത്തിലാണ് നടപടി. അന്ന് സഹോദരന്‍ ഫിദല്‍ കാസ്ട്രോയുടെ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു റൗള്‍ കാസ്ട്രോ. മയാമിയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ യു.എസ് ആക്ടിങ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

റൗള്‍ കാസ്ട്രോയെ അമേരിക്കയിലെത്തിച്ച് വിചാരണ ചെയ്യുമോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിനെതിരെ നിലവില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി.’സ്വമേധയായോ അല്ലാതെയോ അദ്ദേഹം യു.എസ് കോടതിക്ക് മുന്‍പില്‍ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് പുറത്തുള്ള കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ യു.എസിന് വ്യക്തമായ മാര്‍ഗ്ഗങ്ങളുണ്ടെന്ന് ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി.

ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മയാമിയിലെ യു.എസ് അറ്റോര്‍ണി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ ഇപ്പോള്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ മുന്‍പ് ഒരാള്‍ക്ക് മാത്രമാണ് യു.എസ് കോടതി ശിക്ഷ വിധിച്ചിരുന്നത്.

കഴിഞ്ഞ ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ സമാനമായ രീതിയില്‍ കുറ്റം ചുമത്തുകയും തുടര്‍ന്ന് അദ്ദേഹത്തെ പിടികൂടാന്‍ യു.എസ് സൈനിക നീക്കം നടത്തുകയും ചെയ്തിരുന്നു. ഇതേ മാതൃകയില്‍ ഒരു ‘നിയമപാലന നടപടി’ എന്ന രൂതിയില്‍ ക്യൂബയിലും ട്രംപ് ഭരണകൂടം സൈനിക ഇടപെടലിന് മുതിരുമോ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

യു.എസ് ഇന്ധന ഉപരോധം മൂലം കടുത്ത സാമ്പത്തിക തകര്‍ച്ചയിലാണ് ക്യൂബ. നിയമ നടപടികളിലൂടെ ക്യൂബന്‍ സര്‍ക്കാരിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യവും യു.എസ് സര്‍ക്കാരിനുണ്ട്. രാജ്യത്ത് തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയും ജനരോഷവും മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ സൈനിക ഇടപെടലിനുള്ള സാധ്യത തുറന്നിടുക എന്നിവയാണ് യു.എസിന്റെ തന്ത്രപരമായ നീക്കങ്ങള്‍.

എന്നിരുന്നാലും, ഏതാണ്ട് ഒരു പതിറ്റാണ്ട് മുന്‍പ് തന്നെ സജീവ ഭരണത്തില്‍ നിന്ന് വിരമിച്ച 94 കാരനായ റൗള്‍ കാസ്ട്രോയെ ലക്ഷ്യം വെക്കുന്നത് വഴി വെനസ്വേലയിലേതുപോലെയൊരു രാഷ്ട്രീയ അട്ടിമറി ക്യൂബയില്‍ സാധ്യമാകുമോ എന്നതില്‍ രാഷ്ട്രീയ വിദഗ്ദ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.