കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) ജനങ്ങൾക്ക് വാഗ്ദാനം നൽകിയ അഞ്ച് സുപ്രധാന ‘ഇന്ദിരാ ഗ്യാരണ്ടി’കളിൽ രണ്ടെണ്ണത്തിന് ആദ്യ യോഗത്തിൽ തന്നെ സർക്കാർ അംഗീകാരം നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപനം നടത്തി. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതാണ് ഇതിൽ ഏറ്റവും സുപ്രധാനമായ തീരുമാനം.
സ്ത്രീകൾക്ക് സൗജന്യ യാത്രയും വയോജന വകുപ്പും
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഏറ്റവും ആകർഷകമായ വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര വരും ആഴ്ചകളിൽ തന്നെ യാഥാർത്ഥ്യമാകും. വരും മാസം ജൂൺ 15 മുതൽ ഈ പദ്ധതി സംസ്ഥാനത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.



