പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ മാധ്യമസമ്മേളനത്തിൽ ചോദ്യമുന്നയിച്ച് വിവാദത്തിന് തുടക്കമിട്ട നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ല്യുങ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സമീപിച്ചു. നരേന്ദ്ര മോദിയുടെ സന്ദർശനത്തെക്കുറിച്ചും ഉണ്ടായ വിവാദങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധിയുടെ നിലപാട് അറിയാൻ ഫോൺ അഭിമുഖം അനുവദിക്കണമെന്ന് അഭ്യർഥിച്ചാണ് ഹെല്ലെ ല്യുങ് സാമൂഹിക മാധ്യമമായ എക്സിലൂടെ രംഗത്തെത്തിയത്. ഇതോടെ ഇന്ത്യയിൽ ഈ വിഷയത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക് കടന്നു.
മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി മോദി ‘ഭയന്ന് ഓടുകയാണെന്ന്’ രാഹുൽ ഗാന്ധി എക്സിൽ ആരോപിച്ചതിന് പിന്നാലെയാണ് അഭിമുഖത്തിനായുള്ള ഈ അഭ്യർഥന വന്നത്. ‘മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ ഭയപ്പെടേണ്ടതില്ല. ചോദ്യങ്ങളെ ഭയന്ന് ഒരു പ്രധാനമന്ത്രി പരിഭ്രാന്തനായി ഓടുന്നത് കാണുമ്പോൾ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് എന്ത് സംഭവിക്കും?’ എന്ന് രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചൊവ്വാഴ്ച ഹെല്ലെ ല്യുങ് അഭിമുഖം ആവശ്യപ്പെട്ടത്.
ഓസ്ലോയിൽ നരേന്ദ്ര മോദിയും നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറും പങ്കെടുത്ത സംയുക്ത വാർത്താ സമ്മേളനത്തിന് ഒടുവിലാണ് വിവാദ സംഭവം ഉണ്ടായത്. ഇരുനേതാക്കളും വേദി വിട്ടു പോകുന്നതിനിടെ ഹെല്ലെ ല്യുങ് ഉറക്കെ ചോദ്യമുന്നയിക്കുകയായിരുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യത്തെ മാധ്യമങ്ങളിൽ നിന്ന് താങ്കൾ എന്തുകൊണ്ടാണ് ചോദ്യങ്ങൾ സ്വീകരിക്കാത്തത്?’ എന്ന് അവർ ചോദിച്ചതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ഈ സംഭവത്തെത്തുടർന്ന് ഹെല്ലെ ല്യുങ്ങിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. രാഹുൽ ഗാന്ധിയോട് അഭിമുഖം ആവശ്യപ്പെട്ടതിന് പിന്നാലെ, മാധ്യമപ്രവർത്തകരെ കാണാത്ത രാഹുൽ ഗാന്ധിയിൽ നിന്ന് ആദ്യം ഒരു അഭിമുഖം സംഘടിപ്പിക്കാൻ പല ഉപയോക്താക്കളും അവരെ പരിഹസിച്ച് വെല്ലുവിളിച്ചു. കടുത്ത സൈബർ ആക്രമണത്തെത്തുടർന്ന് തൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടതായും മാധ്യമ സ്വാതന്ത്ര്യത്തിനായി നൽകേണ്ടി വന്ന ചെറിയ വിലയാണിതെന്നും അവർ അവകാശപ്പെട്ടു.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രതിപക്ഷം ഈ വിഷയം ഉയർത്തുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംയുക്ത വാർത്താ സമ്മേളനത്തിൽ നോർവീജിയൻ പ്രധാനമന്ത്രിയും ചോദ്യങ്ങൾക്കൊന്നും മറുപടി നൽകിയിരുന്നില്ലെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാണിച്ചു. ഒരു മാധ്യമപ്രവർത്തകയുടെ അനാവശ്യ പ്രതികരണത്തെയാണ് കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ ഹെല്ലെ ല്യുങ്ങിനെ വിമർശിച്ച് നോർവേയിലെ മുൻ പരിസ്ഥിതി-അന്താരാഷ്ട്ര വികസന മന്ത്രി എറിക് സോൽഹൈമും രംഗത്തെത്തി. മാധ്യമപ്രവർത്തകയ്ക്ക് ഇന്ത്യയെക്കുറിച്ച് പരിമിതമായ അറിവ് മാത്രമാണുള്ളതെന്നും പക്വതയില്ലാത്ത പെരുമാറ്റമാണ് അവരുടേതെന്നും അദ്ദേഹം സിഎൻഎൻ-ന്യൂസ്18-നോട് പറഞ്ഞു. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചില അന്താരാഷ്ട്ര എൻജിഒകളുടെ അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളെ മാത്രം ആശ്രയിച്ചാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



