അമേരിക്കയും അതിന്റെ സഖ്യകക്ഷികളുമായുള്ള കടുത്ത സൈനിക പ്രതിസന്ധികൾക്കിടയിൽ, ലോകത്തിലെ ഏറ്റവും നിർണ്ണായകമായ കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കാൻ പുതിയ നിയന്ത്രണ സമിതി രൂപീകരിച്ച് ഇറാൻ. ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ (PGSA) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഔദ്യോഗിക ബോഡി തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പുറത്തുവിട്ടത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്രയും ഗതാഗതവും നിയന്ത്രിക്കുന്നതിനായി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഏക നിയമപരമായ പ്രതിനിധിയും അതോറിറ്റിയും പിജിഎസ്എ ആയിരിക്കുമെന്ന് തങ്ങളുടെ ആദ്യ പരസ്യപ്രസ്താവനയിൽ പുതിയ സമിതി വ്യക്തമാക്കി. ഈ കടലിടുക്കിലൂടെയുള്ള എല്ലാ കപ്പൽ ഗതാഗതത്തിനും ഇനി മുതൽ ഇറാന്റെ സൈനിക-ഭരണകൂട അധികാരികളുമായി “പൂർണ്ണമായ ഏകോപനം” ആവശ്യമാണെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. മുൻകൂർ അനുമതിയില്ലാതെയുള്ള കപ്പലുകളുടെ യാത്ര നിയമവിരുദ്ധമായി കണക്കാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.



