പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ അനധികൃത കയ്യേറ്റങ്ങൾക്കും നിർമ്മാണങ്ങൾക്കുമെതിരെ നടപടി കടുപ്പിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. കൊൽക്കത്ത നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊതുസ്ഥലങ്ങൾ കയ്യേറി നിർമ്മിച്ച താല്കാലിക കെട്ടിടങ്ങളും അനധികൃത കച്ചവടസ്ഥാപനങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുനീക്കാൻ തുടങ്ങി. ശനിയാഴ്ച രാത്രി ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന വൻ ഒഴിപ്പിക്കൽ നടപടിയാണ് ഹൗറ, ശീൽദ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ അരങ്ങേറിയത്.
സംസ്ഥാനത്തുടനീളമുള്ള അനധികൃത കയ്യേറ്റങ്ങൾക്കെതിരെയുള്ള വലിയൊരു നീക്കത്തിന്റെ തുടക്കം മാത്രമാണിതെന്ന് ബംഗാൾ മന്ത്രി ദിലീപ് ഘോഷ് വ്യക്തമാക്കി. പശ്ചിമ ബംഗാളിലുടനീളം ബുൾഡോസറുകൾ പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിയമം അനുസരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അല്ലാത്തപക്ഷം കർശന നടപടി നേരിടേണ്ടിവരുമെന്നും ഖരഗ്പൂർ സദർ എംഎൽഎ കൂടിയായ ഘോഷ് മുന്നറിയിപ്പ് നൽകി. സർക്കാർ ഭൂമിയിലെ ഒരു തരത്തിലുള്ള കയ്യേറ്റവും പുതിയ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



