കണ്ണൂർ : പടക്കം പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറയിൽ കോൺഗ്രസ് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാനാണ് മരിച്ചത്.
വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപം പ്രവർത്തകർ ലഡു വിതരണവും പടക്കം പൊട്ടിക്കലും നടത്തിയിരുന്നു. ബാക്കി വന്ന പടക്കങ്ങൾ പ്രവർത്തകർ ഓഫീസിന് സമീപത്ത് വച്ചിരിക്കുകയായിരുന്നു.
തുടർന്ന് ഇവിടെയെത്തിയ കുട്ടികൾ പടക്കം പൊട്ടിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. തീ കൊളുത്തി എറിഞ്ഞ പടക്കത്തിൽ ഒന്ന് അമാന്റെ കഴുത്തിലാണ് വീണ് പൊട്ടിയത്. സാരമായി പരിക്കേറ്റ അമാനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. സംഭവത്തിൽ അഴീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



