തിരുവനന്തപുരം: നവകേരളായാത്രയിൽ ആലപ്പുഴയിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ വളഞ്ഞിട്ട് മർദിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സംഭവത്തിൽ ആലപ്പുഴ മജിസ്ട്രറ്റ് കോടതി പുനഃരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
എൽഡിഎഫ് സർക്കാർ നടത്തിയ ജനസമ്പർക്ക പരിപാടിയായ നവകേരള സദസ് ആലപ്പുഴ ജില്ലയിലെത്തിയപ്പോഴാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ കോൺഗ്രസും യുവജന-വിദ്യാർത്ഥി സംഘടനകളും കരിങ്കൊടി വീശി വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു.
ഇതിനിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച എ.ഡി തോമസ്(നിലവിലെ ആലപ്പുഴ എംഎൽഎ), അജയ് ജ്യുവൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വാർത്താ ചാനലുകൾ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം ചർച്ചയായത്. സംസ്ഥാനത്ത് ഇത്തരത്തിൽ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു.



