കൊച്ചിയിലെ നാളത്തെ മത്സരം ക്ലബിന്റെ അവസാനത്തേതാകാമെന്ന സൂചനയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിലെ നാളെത്തെ ഗോവക്കെതിരായ മത്സരത്തിന് മുന്നോടിയായി പുറത്ത് വിട്ട വീഡിയോയിലാണ് അടച്ചുപൂട്ടല്‍ സൂചന ബ്ലാസ്റ്റേഴ്‌സ് നല്‍കുന്നത്. ബ്ലാസ്റ്റേഴ്‌സിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അടച്ചുപൂട്ടല്‍ ആലോചനയിലുണ്ടെന്നും ട്വന്റിഫോറാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടിരുന്നത്.
നാളെ കലൂര്‍ സ്റ്റേഡിയത്തില്‍ കാണാം, ഒരുപക്ഷേ… എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരുമിച്ച് കളി കണ്ടതിന്റേയും ആവേശം കൊണ്ടതിന്റേയും ഓര്‍മകള്‍ അവശേഷിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പോയേക്കുമെന്ന സൂചനയാണ് വിഡിയോയിലുള്ളത്. ഏറ്റവും കനമുള്ള രാത്രിയാണിതെന്നും ഇത് കടന്നുപോകേണ്ടതുണ്ടെന്നും പറഞ്ഞാണ് ഫാന്‍സിന്റെ ഹൃദയത്തെ വല്ലാതെ കനംവയ്പ്പിക്കുന്ന ഈ വിഡിയോ അവസാനിക്കുന്നത്.
അടുത്ത സീസണിന് കുറിച്ച് ഒരു ഉറപ്പും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കാത്തതിനാല്‍ ക്ലബിനെ മുന്നോട്ട് കൊണ്ടുപോവുക ബുദ്ധിമുട്ടെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്. ക്ലബ്ബ് പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് വിശദീകരണം.താരങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലതാരങ്ങളുടെയും കരാര്‍ പുതുക്കിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് പറഞ്ഞു. ചെന്നൈയിന്‍ എഫ്‌സി, ഒഡിഷ എഫ് സി തുടങ്ങിയ ക്ലബ്ബുകളും അടച്ചുപൂട്ടല്‍ വക്കിലാണ്.



