നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം. തളിപ്പറമ്പില്‍ പി കെ ശ്യാമളക്കെതിരായ എതിര്‍പ്പ് അവഗണിച്ചത് തിരിച്ചടിയായെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തിരുത്തണമെന്ന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നു. സിപിഐഎം കോഴിക്കോട് ജില്ല കമ്മിറ്റിയിലും പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയെ അടിച്ചേല്‍പ്പിക്കുന്നെന്ന തോന്നലുണ്ടായി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിഷയങ്ങള്‍ മലബാറിലാകെ എതിര്‍വികാരം ഉണ്ടാക്കിയെന്നും വിമര്‍ശനം. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മാധ്യമങ്ങളോട് വിശദീകരിക്കുന്നതില്‍ വ്യക്തതയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്നും കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭരണവിരുദ്ധ വികാരമല്ല, ഈ രണ്ട് നേതാക്കളാണ് മുന്നണിയുടെ പരാജയത്തിന് പ്രധാന കാരണക്കാര്‍. 62 വയസുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ അനാരോഗ്യമുള്ള പ്രതിപക്ഷ നേതാവ് വരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം. ഏകാധിപത്യ പ്രവണത തുടര്‍ന്നാല്‍ സിപി രാമസ്വാമി അയ്യരുടെ ഗതി ഉണ്ടാകും. ആരോഗ്യരംഗം ലോകോത്തരമാണെന്ന് പറഞ്ഞിട്ട് മുഖ്യമന്ത്രി ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോയി. തീരുമാനം തിരുത്തിയില്ലെങ്കില്‍ ബിജെപി നേതാവ് വി മുരളീധരന്‍ പ്രതിപക്ഷ നേതാവായി മാറും. ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പിണറായി ആയാലും അതിശയപ്പെടാനില്ല. 140 മണ്ഡലങ്ങളിലും ന്യൂനപക്ഷ ഏകീകരണം ഉണ്ടായി, പിണറായിയും വെള്ളാപ്പള്ളിയും തമ്മിലുള്ള സൗഹൃദമാണ് കാരണം – ഇങ്ങനെ പോകുന്നു കൊല്ലം ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനം.
പിണറായിയുടെയും എംപി ഗോവിന്ദന്റെയും ശൈലി തിരിച്ചടിക്ക് കാരണമായി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. സീറ്റ് പിടിച്ചെടുക്കാനെന്ന പേരില്‍ കെ കെ ശൈലജയെ തോല്‍ക്കുന്ന സീറ്റില്‍ മത്സരിപ്പിച്ച് ജനങ്ങളെ പുച്ഛിച്ചു. പിടിച്ചെടുക്കാന്‍ ഉള്ള സീറ്റില്‍ മത്സരിച്ചു ധീരത കാട്ടേണ്ടത് പിണറായി ആയിരുന്നു. എം വി ഗോവിന്ദന്‍ ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും 100 പേരെങ്കിലും പാര്‍ട്ടിക്കെതിരാകുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരം. ഓരോ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഓരോ നയം. ഇഷ്ടമുള്ളവരെ മത്സരിപ്പിക്കാന്‍ ഒരു നയം ഇഷ്ടമില്ലാത്തവരെ മാറ്റിനിര്‍ത്താന്‍ മറ്റൊരു നയം – എന്നെല്ലാമാണ് വിമര്‍ശനം.



