സി ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നും അതിനാൽ ഡിഎംകെ പ്രവർത്തകർ പൂർണ്ണ സന്നദ്ധരായിരിക്കണമെന്നും മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ. ചെന്നൈയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2029-ൽ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ഈ നിർണായക യോഗം നടന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം പഴിചാരുന്ന പ്രവണത ഒഴിവാക്കണമെന്ന് എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിൻ്റെ ഉത്തരവാദിത്തം താൻ പൂർണ്ണമായും ഏറ്റെടുക്കുന്നു. പരാജയ കാരണം കണ്ടെത്തി 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാതലത്തിലുമുള്ള ഭാരവാഹികളിൽനിന്നും വിവരങ്ങൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അതനുസരിച്ചുള്ള കർശന നടപടികളുണ്ടാകും. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയുടെ സമൂല മാറ്റത്തിനായി പൊതുജനങ്ങളിൽ നിന്നും ഡിഎംകെ നിർദേശങ്ങൾ തേടിയിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ടിവികെയുടെ വിജയത്തെ ‘മാജിക് സൂനാമി’യെന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. വരും വർഷങ്ങളിൽ പാർട്ടി സംവിധാനങ്ങളെ താഴെത്തട്ട് മുതൽ ശക്തിപ്പെടുത്താനാണ് ഡിഎംകെ ലീഡര്ഷിപ്പിൻ്റെ തീരുമാനം.



