കൊച്ചി: വനംവകുപ്പ് എടുത്ത പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടന്റെ കഴുത്തിലണിഞ്ഞ മാലയിലെ പുലിപ്പല്ലി യഥാര്‍ഥമാണെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റത്തില്‍ വേടനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
മൂന്ന് ദിവസം മുന്‍പാണ് കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടന്ന പരിശോധനയുടെ ഫലം പുറത്തുവന്നത്. വേടന് കഴിത്തിലണിഞ്ഞ മാലയിലുള്ളത് യഥാര്‍ഥ പുലി പല്ല് തന്നെ. വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ ഇത് വ്യക്തമായിരുന്നു. ശാസ്ത്രീയമായ ഉറപ്പിനാണ് ലാബിലേക്ക് അയച്ചത്. വന്യജീവി നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വേടനടക്കം ആറുപേര്‍ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്. വേടന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നടന്ന ലഹരി പരിശോധനക്കിടെയാണ് പുലിപല്ല് മാലയും കണ്ടെത്തിയത്. പൊലീസ് ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചു. കോടനാട് നിന്നുള്ള വനംവകുപ്പ് സംഘം വീട്ടിലെത്തി മാല പിടിച്ചെടുത്തു. വേടനെതിരെ കേസും ചുമത്തി. 2022ല്‍ ചെന്നൈയില്‍ നടന്ന റാപ് ഷോക്കിടെ രംജിത് കുംമ്പിടിയെന്ന ശ്രീലങ്കന്‍ വംശജനാണ് തനിക്ക് മാല സമ്മാനിച്ചതെന്നായിരുന്നു വേടന്റെ മൊഴി. രഞ്ജിത്തുമായി സമൂഹ മാധ്യമം വഴിയാണ് വേടന് പരിചയപ്പെട്ടത്.
കര്‍ശന വ്യവസ്ഥകളോടെ പിന്നീട് വേടന് ജാമ്യത്തില്‍ പുറത്തിറങ്ങി. ഒരു വര്‍ഷത്തിനുപ്പറം പുറത്തുവന്ന ശാസ്ത്രീയ പരിശോധനയില്‍ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചെങ്കിലും ഇത് കൈമാറിയ രഞ്ജിത് കുമ്പിടിയെ പിടികൂടാന്‍ വനം വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാള്‍ യുകെയിലേക്കോ ഫ്രാന്‍സിലേക്കോ കുടിയേറിയെന്നാണ് വിവരം. ലാബിലെ പരിശോധന ഫലം ലഭിക്കാനായി പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച വനംവകുപ്പ്, ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും മുന്‍നിര്‍ത്തി വേടനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്.



