ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (UAE) തമ്മിലുള്ള ഊർജ്ജ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം സംഭരണിയിൽ (Strategic Petroleum Reserve) 30 മില്യൺ ബാരൽ അസംസ്‌കൃത എണ്ണ സംഭരിക്കാൻ യുഎഇ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹ്രസ്വ അബുദാബി സന്ദർശനത്തിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവന പുറത്തിറക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ വിപുലമായ ചർച്ചകൾക്കൊടുവിലാണ് ഈ നിർണ്ണായക തീരുമാനം പുറത്തുവന്നത്. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, “ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ചരക്കുനീക്കവും തടസ്സമില്ലാത്ത നാവിക ഗതാഗതവും” ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.