ഇന്ധന സംരക്ഷണം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തന്റെ ഔദ്യോഗിക വാഹനവ്യൂഹത്തിലെ അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം മൂന്നിലൊന്നായാണ് കുറച്ചിട്ടുള്ളത്. ഇനി മുതൽ പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നടപടിയെന്ന് ലോക്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.
പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കാരണമുണ്ടായ ഊർജ പ്രതിസന്ധി മറികടക്കുന്നതിനായി പൗരന്മാർ ലളിതജീവിതം നയിക്കണമെന്നും ഇന്ധന വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയും അടുത്തിടെ തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു. ഹൈദരാബാദിൽ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി ആ ആഹ്വാനം നടത്തിയത്.
വിദേശനാണ്യം സംരക്ഷിക്കുന്നതിനായി പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക, നഗരങ്ങളിൽ മെട്രോ റെയിൽ സേവനങ്ങൾ ഉപയോഗിക്കുക, കാർപൂളിംഗ് പ്രോത്സാഹിപ്പിക്കുക, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, പാർസൽ സർവീസുകൾക്കായി റെയിൽവേ സേവനങ്ങൾ പ്രയോജനപ്പെടുത്തുക, വർക്ക് ഫ്രം ഹോം രീതി നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
പൊതുസംവിധാനങ്ങൾ ഉപയോഗിച്ച് ബിജെപി മന്ത്രിമാർ
ഇറാൻ സംഘർഷത്തിന് പിന്നാലെ രാജ്യത്തെ സാമ്പത്തിക സമ്മർദ്ദങ്ങലിൽ സ്വയം നിയന്തരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നടത്തിയ ആഹ്വാനം പിന്തുടരുമെന്ന് ബിജെപി. സ്വർണം വാങ്ങരുതെന്നും ഇന്ധനം ലാഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കോവിഡ് കാലഘട്ടത്തിലെ സംയമനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടതിന് ശേഷം, സ്വന്തം മന്ത്രിമാർ റോഡ് ഷോകൾ നടത്തുകയും വലിയ വാഹനവ്യൂഹങ്ങളിൽ സഞ്ചരിക്കുകയും ചെയ്തതോടെ ബിജെപിയുടെ കാപട്യം വിമർശിക്കപ്പെട്ടിരുന്നു.
പിന്തുണയുമായി സംസ്ഥാനങ്ങളും
വിമർശനങ്ങൾ ഉയരുകയും പ്രതിഷേധം വർദ്ധിക്കുകയും ചെയ്തപ്പോൾ, പ്രധാനമന്ത്രി മോദിയോടൊപ്പം നിരവധി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പ്രസംഗത്തിന് പിന്തുണ നൽകി. പ്രധാനമന്ത്രി മോദിയും നിരവധി ബിജെപി മുഖ്യമന്ത്രിമാരും അവരുടെ വാഹനവ്യൂഹങ്ങളുടെ വലുപ്പം കുത്തനെ കുറച്ചപ്പോൾ , അനാവശ്യ വിമാനയാത്രകൾ ഒഴിവാക്കാനും വെർച്വൽ മീറ്റിംഗുകളിലേക്ക് മാറാനും മഹാരാഷ്ട്ര മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
മന്ത്രിമാരായ കപിൽ മിശ്രയും രാംദാസ് അത്താവാലെയും ബുധനാഴ്ച മെട്രോയിൽ ഓഫീസിലേക്ക് പോകുന്നതായി കണ്ടു, അതേസമയം മഹാരാഷ്ട്ര മന്ത്രി ആശിഷ് ഷേലാർ കാൻ ഫിലിം ഫെസ്റ്റിവലിനുള്ള ഫ്രാൻസിലേക്കുള്ള സന്ദർശനം റദ്ദാക്കി.



