താനെ: കാണാതായ ഇരുപത്തിനാലുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡ്രമ്മിലാക്കി അഴുക്കുചാലിൽ തള്ളിയ കേസിൽ നഴ്സും സഹോദരനും പോലീസ് പിടിയിൽ. ഡോംബിവ്ലിയിലെ സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എൻജിനീയറായ അർബാസ് ഖാൻ (24) കൊല്ലപ്പെട്ട കേസിലാണ് നഴ്സ് മെഹ്ജബിൻ ഷെയ്ഖ്, സഹോദരൻ താരിഖ് ഷെയ്ഖ് എന്നിവരെ മുമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. പണമിടപാടുകളെച്ചൊല്ലിയുള്ള തർക്കവും തട്ടിക്കൊണ്ടുപോയി പണം തട്ടാനുള്ള ശ്രമവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ജോലി സംബന്ധമായ പണം വാങ്ങാനായി മുംബൈ ദാദറിലേക്ക് പോയ അർബാസ് ഖാനെ കാണാതാകുന്നത്. യുവാവിനെക്കുറിച്ച് വിവരമില്ലാതായതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ അർബാസും നഴ്സായ മെഹ്ജബിനും തമ്മിൽ പരിചയമുണ്ടെന്ന് കണ്ടെത്തി. ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഇരുവരും അവസാനമായി മുംബൈയിലെ വസായ് മേഖലയിലുണ്ടായിരുന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ വ്യക്തമായി.



