ഉന്നാവോ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ രണ്ട് മാസത്തിനകം തീർപ്പുണ്ടാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി വീണ്ടും വിശദമായി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് കേസിലെ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്.
2017ലാണ് രാജ്യത്തെ നടുക്കിയ ഉന്നാവോ പീഡനക്കേസ് പുറത്തുവന്നത്. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കുൽദീപ് സിങ് സെൻഗാറിനെതിരായ കേസ്.
ദീർഘമായ നിയമനടപടികൾക്ക് ശേഷം 2019ൽ കോടതിയ്ക്ക് സെൻഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കേസ് ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. തുടർന്ന് ബിജെപി കുൽദീപ് സിങ് സെൻഗാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ പുതിയ ഉത്തരവോടെ കേസിൽ വീണ്ടും നിയമനടപടികൾ ശക്തമാകാനാണ് സാധ്യത.



