വേനൽ മഴയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. എറണാകുളം മുളന്തുരുത്തിയിൽ ഫൈബർ അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിലേക്ക് മരം കടപുഴകി വീണു. ഗോഡൗണിന്റെ മേൽക്കൂര പൂർണമായും തകർന്നു. മൂവാറ്റുപുഴയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
നിർമ്മല സദൻ റോഡിൽ മരം വീണ് കാറിന്റെ മുൻഭാഗം തകർന്നു. നായരമ്പലത്ത് നാല് വീടുകളുടെ മേൽക്കൂര തകർന്നു. പാലക്കാട് വടക്കഞ്ചേരി പ്രധാനി ഭാഗത്ത് നിരവധി വീടുകൾ തകർന്നു. ചിറ്റിലഞ്ചേരി സംസ്ഥാന പാതയിൽ മരം ഒടിഞ്ഞുവീണു ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുതുക്കിയിരുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.



