ബെംഗളൂരു:സ്കൂൾ വിദ്യാർത്ഥികൾക്ക് ഹിജാബ്, ജനിവാര (ഹിന്ദുക്കളുടെ പൂണൂൽ), തലപ്പാവ് എന്നിവ ധരിക്കാൻ കർണാടക സർക്കാർ അനുമതി നൽകി. ബിഎസ് യെദ്യൂരപ്പയുടെ ഭരണകാലത്ത് ഹിജാബ് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച 2022ലെ വിവാദ ഉത്തരവ് കോൺഗ്രസ് സർക്കാർ പിൻവലിച്ചു.
വിദ്യാഭ്യാസ വകുപ്പ് അന്തിമരൂപം നൽകിക്കൊണ്ടിരിക്കുന്ന പുതിയ നിയമം അനുസരിച്ച്, സ്കൂൾ യൂണിഫോമിനൊപ്പം ജനിവാര, തലപ്പാവ്, രുദ്രാക്ഷം, ശിവധാര, ഹിജാബ്, സ്കാർഫ് തുടങ്ങിയ മതപരമായ അടയാളങ്ങളും വസ്ത്രങ്ങളും ധരിച്ച് ക്ലാസുകളിലും പരീക്ഷകളിലും പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക്
അനുവാദമുണ്ടാകും.
2026 ഏപ്രിൽ 24ന് നടന്ന ഒരു പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തെത്തുടർന്നുണ്ടായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. കുട്ടികളുടെ ക്ഷേമം മുൻനിർത്തി വ്യക്തമായ ചട്ടങ്ങൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.



