യാത്രയ്ക്കിടയിൽ വയറിളക്കവും ഛർദ്ദിയും (ഗ്യാസ്ട്രോ എന്ററൈറ്റിസ്) പടർന്നുപിടിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് പൗരന്മാരടക്കം ആയിരത്തിലധികം യാത്രക്കാരുമായി വന്ന ക്രൂയിസ് കപ്പൽ ഫ്രാൻസിലെ ബോർഡോ തുറമുഖത്ത് കുടുങ്ങി. മെയ് 11ന് കപ്പൽ ബ്രെസ്റ്റിലെത്തിയപ്പോൾ 92 വയസ്സുള്ള ബ്രിട്ടീഷുകാരനായ യാത്രാക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

എന്നാൽ ഈ മരണം കപ്പലിൽ പടരുന്ന ഉദരരോഗവുമായി ബന്ധമുള്ളതല്ലെന്ന് ബോർഡോ പ്രാദേശിക ഭരണകൂടം അറിയിച്ചു. ‘അംബാസഡർ ക്രൂയിസ് ലൈൻ’ പ്രവർത്തിപ്പിക്കുന്ന ‘അംബിഷൻ’ എന്ന ഈ കപ്പലിലെ ചില യാത്രക്കാർക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ പുറത്തിറങ്ങാൻ അധികൃതർ അനുവാദം നൽകിയിട്ടുണ്ട്. കൃത്യമായി കൈകൾ കഴുകുക തുടങ്ങിയ മുൻകരുതലുകൾ ഇവർ പാലിക്കണമെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

ബെൽഫാസ്റ്റിൽ നിന്നും ലിവർപൂളിൽ നിന്നും എത്തിയ കപ്പലിലെ രോഗബാധയ്ക്ക്, അർജന്റീനയ്ക്കും കാനറി ദ്വീപുകൾക്കും ഇടയിൽ സഞ്ചരിച്ച എംവി ഹോണ്ടിയസ് എന്ന ആഡംബര കപ്പലിലെ ഹാന്റാവൈറസ് രോഗബാധയുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.