പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്ന് വയസുകാരിയടക്കം നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രാവിലെ ഓമല്ലൂർ പുത്തന്‍ പീടികയില്‍ നിന്നുമാണ് നായ ആക്രമണം തുടങ്ങിയത്. രാവിലെ നടക്കാൻ ഇറങ്ങിയവർ അടക്കമുള്ളവരെ നായ ആക്രമിച്ചു. പൈവള്ളി ഭാഗത്തേക്ക് എത്തിയ നായ ചരുവിൽ പ്രതിഭയുടെ മകൾ മൂന്നുവയസുകാരി സുകന്യയെ മാരകമായി കടിച്ച് മുറിവേൽപിച്ചു. കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്.
ഓമല്ലൂർ പുത്തൻപീടിക സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ.നിജോ ജോസ്, വലിയവീട്ടില്‍ തെക്കേതില്‍ വിമല (70), കൊട്ടാരത്തില്‍ രാജന് (65) എന്നിവർക്കും പരിക്കേറ്റു. സുകന്യയെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സ നൽകിയിരുന്നു. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു.



