താന്‍ പ്രസിഡന്റ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കഴിഞ്ഞ മാസം വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടത്തിയ കേസിലെ പ്രതി കോള്‍ അലന്‍. കാലിഫോര്‍ണിയ സ്വദേശിയായ കോള്‍ അലന്‍ തിങ്കളാഴ്ച ഫെഡറല്‍ കോടതിയില്‍ ഹാജരായപ്പോഴാണ് കുറ്റം നിഷേധിച്ചത്. പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിക്കല്‍, ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏപ്രില്‍ 25 ന് നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ ട്രംപിനെയും മറ്റ് ഉദ്യോഗസ്ഥരെയും ലക്ഷ്യം വച്ച് സുരക്ഷാ കവാടം ഭേദിക്കാന്‍ ശ്രമിച്ചെന്നും സീക്രട്ട് സര്‍വീസ് ഏജന്റിന് നേരെ വെടിവച്ചെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപണം. ട്രെയിന്‍ മാര്‍ഗം എത്തിയ പ്രതിയുടെ പക്കല്‍ നിന്ന് തോക്കുകളും കത്തികളും കണ്ടെത്തിയിരുന്നു.
അതേസമയം കേസിലെ പ്രോസിക്യൂട്ടര്‍മാരായ ആക്ടിങ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ, യുഎസ് അറ്റോര്‍ണി ജീനിന്‍ പിറോ എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം ഇവര്‍ രണ്ടുപേരും അവിടെ ഉണ്ടായിരുന്നതിനാല്‍ അവര്‍ ഈ കേസിലെ ഇരകളാണെന്നാണ് പ്രതിഭാഗം വക്കീല്‍ യൂജിന്‍ ഓം വാദിച്ചത്.
ട്രംപുമായുള്ള അടുത്ത ബന്ധവും ഇര എന്ന നിലയിലുള്ള സ്ഥാനവും പരിഗണിച്ച് ജീനിന്‍ പിറോ നയിക്കുന്ന യുഎസ് അറ്റോര്‍ണി ഓഫിസിനെ മുഴുവനായി കേസില്‍ നിന്ന് മാറ്റണമെന്നായിരുന്നു ആവശ്യം. അതേസമയം, താന്‍ അവിടെ ഉണ്ടായിരുന്നു എന്നത് കേസ് നടത്തുന്നതിനെ ബാധിക്കില്ലെന്ന് ജീനിന്‍ പിറോ പ്രതികരിച്ചു. പ്രതിഭാഗത്തിന്റെ വാദത്തിന് മെയ് 22നകം പ്രോസിക്യൂഷന്‍ മറുപടി നല്‍കും.



