തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ആദ്യത്തെ സുപ്രധാന ഭരണപരമായ തീരുമാനവുമായി ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 സർക്കാർ മദ്യവിൽപ്പന ശാലകൾ (ടാസ്മാക്) ഉടൻ അടച്ചുപൂട്ടാൻ ചൊവ്വാഴ്ച അദ്ദേഹം ഉത്തരവിട്ടു.
ക്ഷേത്രങ്ങൾ, പള്ളികൾ, സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന എല്ലാ ടാസ്മാക് ഔട്ട്‌ലെറ്റുകളും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂട്ടാനാണ് അധികൃതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ജനവാസമേഖലകളിലും സെൻസിറ്റീവ് പൊതുവിടങ്ങളിലും മദ്യം ലഭ്യമാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള വലിയ സാമൂഹിക പരിഷ്കരണ നടപടിയായിട്ടാണ് പുതിയ സർക്കാർ ഇതിനെ അവതരിപ്പിക്കുന്നത്.



