മുഖ്യമന്ത്രി വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് ഗീതത്തിനും ദേശീയ ഗാനത്തിനും മുൻപായി വന്ദേമാതരം ആലപിച്ചത് വലിയ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി തമിഴക വെട്രി കഴകം (ടിവികെ). ഗവർണറുടെ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശത്തെത്തുടർന്നാണ് ഈ ക്രമം പാലിച്ചതെന്ന് ടിവികെ മന്ത്രി ആദവ് അർജുന വ്യക്തമാക്കി. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുകയും ദേശീയ ഗാനം അവസാനം ആലപിക്കുകയും ചെയ്യുന്ന തമിഴ്‌നാടിന്റെ പതിവ് രീതി തന്നെ വരും കാലങ്ങളിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“തമിഴ്‌നാട് ആക്ടിംഗ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ നടന്ന മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യം വന്ദേമാതരവും രണ്ടാമത് ദേശീയ ഗാനവും മൂന്നാമതായി തമിഴ് തായ് വാഴ്ത്തുമാണ് ആലപിച്ചത്. ഈ പുതിയ രീതി തമിഴ്‌നാടിന് അനുയോജ്യമല്ല,” ആദവ് അർജുന സോഷ്യൽ മീഡിയയിൽ കുറിച്ചു.