രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും വർദ്ധനവിന്റെ പാതയിലേക്ക് നീങ്ങുന്നതായി സൂചന. പശ്ചിമേഷ്യയിലെ സംഘർഷവും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും എണ്ണക്കമ്പനികൾക്കും സർക്കാരിനും വലിയ സാമ്പത്തിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഇതേത്തുടർന്ന് മെയ് 15-ന് ശേഷം ഇന്ധനവിലയിൽ കാര്യമായ വർദ്ധനവുണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഭാരതം ഒരു ‘ഇന്ധന വില നിർണ്ണയ സന്ധിയിൽ’ (Fuel pricing inflexion point) എത്തിനിൽക്കുകയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അമേരിക്ക-ഇറാൻ സംഘർഷവും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും കാരണം ബ്രെന്റ് ക്രൂഡ് വില ബാരലിന് 105 ഡോളറിന് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്.